വാഹനങ്ങളില്‍ ആറ് എയർബാഗ് നിർബന്ധമാക്കേണ്ട ആവശ്യം ഇനിയില്ല
ആറ് എയർബാഗുകൾ നിർബന്ധമാക്കേണ്ട ആവശ്യം ഇനിയില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭാരത് എൻസിഎപി നിലവിൽ വരുന്നതോടെ നിർമാതാക്കൾ ആറ് എയർബാഗുകൾ കൂടുതൽ വാഹനങ്ങളിൽ ഘടിപ്പിക്കുമെന്നാണ് മന്ത്രി പറയുന്നത്. ഓട്ടോമൊബൈൽ കമ്പോണന്റ് മാനുഫാച്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എസിഎംഎ) 63–ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ പാനൽ ഡിസ്കഷനിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
ഒക്ടോബർ 1 മുതൽ നിലവിൽ വരുന്ന ബിഎൻസിഎപി പ്രോട്ടോകോൾ നിർമാതാക്കളെ ആറ് എയർബാഗുകൾ ഘടിപ്പിക്കുന്നതിൽ നിർബന്ധിതരാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഎൻസിഎപിയുടെ നിബന്ധനകൾ പ്രകാരം ക്രാഷ് ടെസ്റ്റിൽ 4,5 സ്റ്റാറുകൾ ലഭിക്കണമെങ്കിൽ ആറ് എയർബാഗുകൾ നിർബന്ധമാണ്.
നേരത്തേ 2022 ഓക്ടോബർ 1 മുതൽ വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കാനായിരുന്നു കേന്ദ്ര സർക്കാർ നീക്കം. എന്നാൽ എതിർപ്പുകളെ തുടർന്ന് വിജ്ഞാപനം ഒരു വർഷം നീട്ടി വച്ചു. ബിഎൻസിഎപി നിലവിൽ വരുന്നതോടെ നിർബന്ധമാക്കേണ്ട ആവശ്യമില്ലെന്നും ക്രാഷ് ടെസ്റ്റിൽ കൂടുതൽ സ്കോർ നേടാൻ നിർമാതാക്കൾ സ്വമേധയാ ആറ് എയർബാഗുകൾ ഘടിപ്പിക്കുമെന്നുമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.