രജിസ്‌ട്രേഷൻ വകുപ്പ് ആധുനിക വത്കരണത്തിന്റെ പാതയിൽ : മന്ത്രി വി.എൻ. വാസവൻ

രജിസ്‌ട്രേഷൻ വകുപ്പ് ആധുനിക വത്കരണത്തിന്റെ പാതയിൽ : മന്ത്രി വി.എൻ. വാസവൻ

കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം ചെയ്തു

രജിസ്‌ട്രേഷൻ വകുപ്പ് ആധുനിക വത്കരണത്തിന്റെ പാതയിലാണെന്ന്
സഹകരണ – രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാനുസൃതമായ മാറ്റങ്ങൾ വകുപ്പിൽ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്.

എല്ലാ ആധാരങ്ങളും മുന്നാധാരങ്ങളും ഡിജിറ്റൽ വത്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനകം ആറ് ജില്ലകളിൽ ഈ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. ആധുനിക സാങ്കേതിക വിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തി കുറ്റമറ്റ രീതിയിൽ വകുപ്പിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി ഫണ്ടിൽ നിന്നും 1.73 കോടി രൂപ ചെലവഴിച്ചാണ് പുതിയ സബ് രജിസ്ട്രാർ ഓഫീസിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ആകെ 589.93 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഇരു നിലകളിലായാണ് ഓഫീസ് മന്ദിരം യാഥാർത്ഥ്യമായിരിക്കുന്നത്. അത്യാധുനിക നിലവാരത്തിൽ ഒരുക്കിയിരിക്കുന്ന കെട്ടിടത്തിൽ ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കോതമംഗലം നഗരസഭ, നെല്ലിക്കുഴി, കോട്ടപ്പടി, പിണ്ടിമന, കവളങ്ങാട്, കീരംപാറ, കുട്ടമ്പുഴ എന്നീ ഗ്രാമ പഞ്ചായത്തുകളിൽപ്പെട്ട ഒൻപത് വില്ലേജ് ഓഫീസുകളാണ് ഈ ഓഫീസിന്റെ പ്രവർത്തന പരിധിയിൽ വരുന്നത്.

പ്രാദേശികമായി സംഘടിപ്പിച്ച ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം മജീദ്, മിനി ഗോപി, ജെസ്സി സാജു, മാമച്ചൻ ജോസഫ്, സൈജന്റ് ചാക്കോ, കാന്തി വെള്ളക്കയ്യൻ, പി കെ ചന്ദ്രശേഖരൻ നായർ, ഖദീജ മുഹമ്മദ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.കെ ദാനി, റഷീദ സലിം, റാണിക്കുട്ടി ജോർജ്, നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ നൗഷാദ്, നഗരസഭാ കൗൺസിലർ എ.ജി ജോർജ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് ചെയർമാൻ ആർ.അനിൽകുമാർ, മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ ശിവൻ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

Photo Credit : By Na deepakpt – Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=105504573