മൂർക്കനാട് ഇരട്ടക്കൊലപാതക പ്രതിയെ പ്രത്യേക അന്വേഷണ സംഘം ബാഗ്ലൂരിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : മൂർക്കനാട് ഇരട്ടക്കൊലപാതകക്കേസ്സിൽ ഒളിവിലായിരുന്ന നിരവധി ക്രിമനൽ കേസ്സിലെ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ കരുവന്നൂർ സ്വദേശി കറുത്തുപറമ്പിൽ അനുമോദ് (27) എന്നയാളെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ്. ൻ്റെ പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്. അറസ്റ്റിലായ അനുമോദ് കൊലപാതക ശ്രമം അടക്കം പത്ത് ക്രിമിനൽ കേസ്സുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നാം തിയ്യതി മൂർക്കനാട് ശിവക്ഷേത്ര ഉത്സവ വെടിക്കെട്ടിനു ശേഷം ആലുംപറമ്പിൽ വച്ചാണ് രണ്ടു യുവാക്കൾ കുത്തേറ്റ് മരിച്ചത്. തൃശൂർ വെളുത്തൂർ സ്വദേശി അക്ഷയ്, ആനന്ദപുരം സ്വദേശി സന്തോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. നിരവധി കേസ്സുകളിൽ പ്രതിയായ കരുവന്നൂർ കറത്തുപറമ്പിൽ മാൻഡ്രൂ എന്നറിയപ്പെടുന്ന അഭിനന്ദിൻ്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. ഒന്നാം പ്രതി മാൻഡ്രുവിൻ്റെ അനുജനാണ് ഇപ്പോൾ പിടിയിലായ അനുമോദ്. ഈ കേസ്സിൽ നാലാം പ്രതിയാണ് ഇയാൾ കൊലപാതകശേഷം പോലീസ് അന്വേഷണം ഊർജ്ജിതമായതോടെ നാടുവിടുകയായിരുന്നു.