തൃശൂരിൽ വീണ്ടും പുലിയിറങ്ങി
തൊഴുത്തിൽ കെട്ടിയിട്ട പശുക്കുട്ടിയെ കൊന്നു. കുണ്ടായി കുരിക്കിൽ അലീമയുടെ പശുക്കുട്ടിയെയാണ് പുലി കൊന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം.
പുലര്‍ച്ചെ പശുവിനെ കറക്കാൻ ചെന്ന വീട്ടുകാരാണ് തൊഴുത്തില്‍ പശുക്കുട്ടിയെ ചത്ത നിലയിൽ കണ്ടത്.
തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിക്ക് സമീപത്തുള്ള തൊഴുത്തിലാണ് പുലിയെത്തിയത്. വനപാലകർ സ്ഥലത്തെത്തി പശുക്കുട്ടിയെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു.
രണ്ടാഴ്ച മുൻപ് പഞ്ചായത്തംഗം ഷീലയുടെ പശുക്കുട്ടിയെയും പുലി കൊന്നിരുന്നു. തുടർച്ചയായി പ്രദേശത്ത് പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്.
ആദിവാസികളും തോട്ടം തൊഴിലാളികളും താമസിക്കുന്ന പ്രദേശത്ത് ഇറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.