കോഴിക്കോട് ഇനി യുനസ്കോ സാഹിത്യ നഗരം

കോഴിക്കോട് ഇനി യുനസ്കോ സാഹിത്യ നഗരം

രാജ്യത്ത് ആദ്യമായി കോഴിക്കോട് നഗരം യുനെസ്കോയുടെ സാഹിത്യ നഗര പദവി സ്വന്തമാക്കിയതിൻറെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ഞായറാഴ്ച വൈകീട്ട് മുഹമ്മദ്‌ അബ്‌ദുറഹ്മാൻ സ്മാരക ജൂബിലി ഹാളിൽ തിങ്ങിനിറഞ്ഞ ജനങ്ങളെ സാക്ഷിയാക്കി തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം ബി രാജേഷ് കോഴിക്കോടിനെ യുനെസ്കോ സാഹിത്യനഗരിയായി പ്രഖ്യാപിച്ചു. സാഹിത്യ നഗര കേന്ദ്രത്തിൻറെ പ്രഖ്യാപനം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു.

ബഷീറും പൊറ്റെക്കാടും തിക്കോടിയനും എൻ പി മുഹമ്മദും പി വത്സലയും യു എ ഖാദറും സുരാസുവും എം എസ് ബാബുരാജും കോഴിക്കോട് അബ്‌ദുൾഖാദറും കെ ടി മുഹമ്മദും പി എം താജും നക്ഷത്ര ഓർമകളായി സാന്നിധ്യമറിയിച്ച ചടങ്ങിനാണ് കോഴിക്കോടിൻ്റെ സാഹിത്യ സായാഹ്നം സാക്ഷ്യം വഹിച്ചത്.

  Also Watch :https://youtu.be/EI7J13nG844   പ്രിയങ്കയുടെ വരവിനെ കേരള ജനത എങ്ങനെ കാണുന്നു

യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉതകുന്ന രീതിയിൽ പ്രാദേശിക തലത്തിലും രാജ്യാന്തര തലത്തിലും വിവിധ പരിപാടികൾ വരും കാലങ്ങളിൽ സംഘടിപ്പിക്കുമെന്ന് മേയർ അറിയിച്ചു.

2 വർഷം വീതം നീളുന്ന 4 ഘട്ടങ്ങളായിട്ടാണ് പദ്ധതി പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ടങ്ങളിൽ ബ്രാൻഡിങ്, സാഹിത്യ സംവാദങ്ങൾക്കുള്ള ഇടങ്ങൾ കണ്ടെത്തൽ, സാഹിത്യ പ്രവർത്തനങ്ങളിൽ ജനകീയ ഇടപെടൽ വർധിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളിൽ സാഹിത്യ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ അടിസ്ഥാന വികസനത്തിനാണ് ഊന്നൽ.