കര്‍ണാടകയില്‍ ശക്തമായ തിരിച്ചുവരവുമായി കോണ്‍ഗ്രസ്
കർണ്ണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്.
വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷ സംഖ്യ പിന്നിട്ട് മേധാവിത്വം നിലനിര്‍ത്തുകയാണ്. 134 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്
ലീഡ് നില ഇതുവരെ
- കോൺഗ്രസ് – 134
- ബിജെപി- 65
- ജെഡിഎസ് -22
- മറ്റുള്ളവർ -3
ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്ന കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക് എത്തുകയാണ്.
ശക്തികേന്ദ്രങ്ങളിൽ മുന്നേറ്റമുണ്ടാക്കാനാകാതെ പോയ ബിജെപി തകർന്നടിഞ്ഞു. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുമ്പോഴും ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടറിന്റെ ലീഡ് നില മാറി മറിയുന്നു.
ബിജെപി മന്ത്രിമാരിൽ പലരും പിന്നിലാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 5000 ൽ പരം വോട്ടിനു മുന്നിട്ടു നിൽക്കുന്നു. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മുന്നിലാണ്. ഹുബ്ബള്ളി–ധാർവാഡ് മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ പിന്നിലാണ്. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ലീഡ് ചെയ്യുന്നു. ദക്ഷിണേന്ത്യയിൽ ബിജെപി ഭരണത്തിലെത്തിയ ഒരേയൊരു സംസ്ഥാനമായ കർണാടകയിലെ മുന്നേറ്റത്തിൽ കോൺഗ്രസ് കേന്ദ്രങ്ങളിൽ ആവേശത്തിലാണ്. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി.
സമീപകാലത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ അത്രകണ്ട് പതിവില്ലാത്ത, ചിട്ടയായ പ്രവർത്തനങ്ങളാണ് കർണാടക പിടിക്കാൻ അവരെ പ്രാപ്തരാക്കിയത്. നരേന്ദ്ര മോദിയെന്ന ക്രൗഡ് പുള്ളറിന്റെ ദേശീയ തലത്തിലുള്ള ഇമേജ് മുതലെടുക്കാൻ ബിജെപി ഒരിക്കൽക്കൂടി ശ്രമിക്കുമെന്ന് ഉറപ്പായിരുന്നതിനാൽ, പ്രാദേശിക വിഷയങ്ങളിലൂന്നി കോൺഗ്രസ് നേടത്തിയ പ്രവർത്തനങ്ങൾ ഫലം കണ്ടെന്നു വേണം പറയാൻ.
കോൺഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്ക് ഒരേസമയം ആശ്വാസവും ആത്മവിശ്വാസവും നൽകുന്ന ഫലമാണിത്. തന്റെ എംപി സ്ഥാനം പോലും നഷ്ടമാകുന്നതിന് ഇടവരുത്തിയ പ്രസംഗം നടത്തിയ അതേ മണ്ണിൽനിന്ന് കോൺഗ്രസിന്റെ സമീപകാല തിരഞ്ഞെടുപ്പു പോരാട്ടങ്ങളിലെ ഏറ്റവും തിളക്കമുള്ള വിജയം നേടിയത് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യ സുപ്രധാന തിരഞ്ഞെടുപ്പിൽ സ്വന്തം നാട്ടിൽ മികച്ച വിജയം നേടാനായത് മല്ലികാർജുൻ ഖർഗെയ്ക്കും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.