മയക്കുവെടി വെയ്ക്കേണ്ടത് വനം വകുപ്പ് മന്ത്രിക്കെന്ന് രമേശ് ചെന്നിത്തല
വനം വകുപ്പ് മന്ത്രിക്കും വനം വകുപ്പിനും എന്ത് പറ്റി ? നാട്ടിലെ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത വിധം കാട്ടിലെ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നു. , ഇവിടെ എന്താണ് സംഭവിക്കുന്നത്? ഇതിനെന്തു പരിഹാരം എന്നല്ലേ സർക്കാർ ചിന്തിക്കേണ്ടത്?
നായാട്ടു സംഘം വെടിവച്ചതു കൊണ്ടാണ് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങിയതെന്ന ബാലിശമായ വാദമാണ് വനം മന്ത്രിയിൽ നിന്നുണ്ടായത്.
വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയാതെ ഇതിനൊരു പരിഹാരമാണ് ഉണ്ടാകേണ്ടത്. വനം വകുപ്പ് മന്ത്രി ഒന്നു പറയുന്നു, വനം ഡിപ്പാർട്ട്മെന്റ് ഒന്നു പറയുന്നു. അതേസമയം റവന്യൂ വകുപ്പ് മറ്റൊന്നുപറയുന്നു.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ വിലപ്പെട്ട 3 ജീവനുകൾ നഷ്ടപ്പെട്ടപ്പോൾ ജനങ്ങൾ നടത്തിയ സമരത്തെത്തുടർന്നാണ് കളക്ടർ വെടിവെയ്ക്കാനുള്ള തീരുമാനമെടുത്തത്
ഇപ്പോൾ റവന്യൂ വകുപ്പു പറയുന്നു മയക്കു വെടിവെയ്ക്കാമെന്ന് , സത്യത്തിൽ മയക്കു വെടി വെയ്ക്കേണ്ടത് വനം വകുപ്പ് മന്ത്രിക്കാണ്.
ഇവിടെ ജനങ്ങൾ ഭീതിയിലായ പ്രശ്നം പരിഹരിക്കാനാണ് ഗവൺമെന്റ് തയ്യാറാകേണ്ടത് അല്ലാതെ കെ സി ബി സിയെ കുറ്റം പറയുക, ബിഷപ്പുമാരെ കുറ്റം പറയുക, നായാട്ടു സംഘം വെടിവെച്ചതു കൊണ്ടാണ് എന്ന് പറയുക , ഇത്തരത്തിലുള്ള ഒഴിവുകഴിവുകൾ പറയാതെ ജനങ്ങളെ വന്യജീവി ആക്രമണത്തിൽ നിന്നും രക്ഷിക്കാനുള്ള അടിയന്തിര നടപടിയാണ് മന്ത്രിയിൽ നിന്നും ഉണ്ടാകേണ്ടത്.
അടിയന്തിരമായി മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുന്നു.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടപ്പോഴാണ്, ഇനിയും മരണങ്ങൾ ഉണ്ടാകാതിരിക്കാൻ ജനങ്ങൾ സമരരംഗത്തുവന്നത്, അതൊരു സ്വാഭാവിക പ്രകടനമല്ലേ? ആ സ്വാഭാവിക പ്രകടനത്തെ ക്രമസമാധാന പ്രശ്നമായെടുത്ത് അവർക്കെതിരെ കേസ്സ് എടുത്ത നടപടി ശരിയല്ല. അടിയന്തിരമായി കേസുകൾ പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു