അസമിലെ ലേഡി സിങ്കം ജുൻമോനി രാഭ വാഹനാപകടത്തിൽ മരിച്ചു
പ്രതിശ്രുത വരനെ തട്ടിപ്പുകേസിൽ പിടികൂടി ഏറെ ശ്രദ്ധ നേടിയ ഉദ്യോഗസ്ഥ കൂടിയാണ് ജുൻമോനി.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച അസം പൊലീസിലെ ലേഡി സിങ്കം എന്ന് അറിയപ്പെട്ട ജുൻമോനി രാഭ വാഹനാപകടത്തിൽ മരിച്ചു. ജുൻമോനി രാഭ സഞ്ചരിച്ച കാർ നാഗോൺ ജില്ലയിൽ വെച്ച് കണ്ടെയ്നറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ ജുൻമോനി രാഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സരുഭുഗിയ ഗ്രാമത്തിൽ വെച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടനെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അപകട സമയത്ത് ജുൻമോനി രാഭ ഔദ്യോഗിക വേഷത്തിലായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ജുൻമോനി എന്തിനാണ് ഗ്രാമത്തിലേക്ക് ഒറ്റയ്ക്ക് യാത്ര തിരച്ചതെന്ന് അറിയില്ലെന്നാണ് കുടുംബാംഗങ്ങൾ നൽകുന്ന വിശദീകരണം.
അസമിലെ പൊലീസുകാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരേയും മറ്റ് കുറ്റങ്ങൾ ചെയ്യുന്നവർക്കെതിരേയും ശക്തമായ നടപടി സ്വീകരിച്ചിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥയായിരുന്നു ജുൻമോനി. ‘ലേഡി സിങ്കം’, ‘ദബാങ് പൊലീസ്’ എന്നീ പേരുകളിൽ അസമിൽ പ്രശസ്തയാണ് ജുൻമോനി രാഭ.
പ്രതിശ്രുത വരനെ തട്ടിപ്പുകേസിൽ പിടികൂടി ഏറെ ശ്രദ്ധ നേടിയ ഉദ്യോഗസ്ഥ കൂടിയാണ് ജുൻമോനി. ഇതേ കേസിൽ കഴിഞ്ഞ വർഷം ജൂണിൽ ജുൻമോനിയേയും അറസ്റ്റ് ചെയ്തിരുന്നു. പ്രതിശ്രുത വരനുൾപ്പെട്ട അഴിമതി കേസിലായിരുന്നു അറസ്റ്റ്. കേസിനെ തുടർന്ന് ജുൻമോനി രാഭയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
വിവാഹത്തിന് മാസങ്ങൾ ശേഷിക്കെയാണ് ജുൻമോനി രാഭ പ്രതിശ്രുത വരൻ പൊഗാഗിനെ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. കരാറുകാരുമായി ഒപ്പുവച്ച സാമ്പത്തിക ഇടപാടുകൾ യാഥാർഥ്യമാക്കാൻ പൊഗാഗ് രാഭയെ കരാറുരാകാർക്ക് പരിചയപ്പെടുത്തി വിശ്വാസം നേടിയെടുക്കുകയായിരുന്നു. പിന്നീട് കറുകാരെ വഞ്ചിച്ചുവെന്നായിരുന്നു പരാതി.
സസ്പെൻഷൻ പിൻവലിച്ചതിന് ശേഷം ഇവർ വീണ്ടും സർവീസിൽ ചേരുകയും ചെയ്തിരുന്നു. 2022 ജനുവരിയിൽ ബിഹ്പുരിയ നിയോജക മണ്ഡലത്തിൽ നിന്നുള്ള ബിജെപി എം.എൽ.എ അമിയ കുമാർ ഭൂയാനുമായുള്ള ടെലിഫോൺ സംഭാഷണം ചോർന്നതോടെ അവർ മറ്റൊരു വിവാദത്തിലും കുടുങ്ങിയിരുന്നു.