പ്രായപൂർത്തിയായ എല്ലാവരും ആധാർ പുതുക്കണം
യു.ഐ.ഡി ഡോക്യുമെന്റ് അപ്ഡേറ്റ് വാൻ ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു
ജില്ലയിൽ 18 വയസ്സ് പൂർത്തിയായ എല്ലാവരും ആധാർ കാർഡ് പുതുക്കണമെന്ന
സന്ദേശവുമായി ആരംഭിച്ച യു.ഐ.ഡി ഡോക്യുമെന്റ് അപ്ഡേറ്റ് വാൻ ക്യാമ്പയിൻ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. കാക്കനാട് സിവിൽ സ്റ്റേഷനിൽ നി ന്നാരംഭിച്ച വാഹന പ്രചാരണം ജില്ലയിൽ 30 ദിവസം നീണ്ടുനിൽക്കും.
യു.ഐ.ഡി ഹെഡ് കോർട്ടേഴ്സിന്റെ നിർദേശപ്രകാരം ഗ്ലോബൽ ഏജൻസി ടീം ആണ് ക്യാമ്പയിന് നേതൃത്വം നൽകുന്നത്.
കാക്കനാട്, കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, ഏലൂർ എന്നീ മേഖലകളിൽ വാഹനപ്രചാരണം നടക്കും. അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ചിഞ്ചു സുനിൽ, അക്ഷയ കോ-ഓഡിനേറ്റർ സി.പി ജിൻസി, അസിസ്റ്റന്റ് പ്രൊജക്റ്റ് കോ-ഓഡിനേറ്റർ, യു.ഐ.ഡി അഡ്മിൻ എൻ.ആർ പ്രേമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആധാർ പുതുക്കുന്നതിനായി ആധാർ കാർഡ്, പേര്, മേൽവിലാസം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുമായി ആധാർ സേവന കേന്ദ്രം സന്ദർശിക്കേണ്ടതാണ്. ഇലക്ഷൻ ഐഡി, റേഷൻ കാർഡ് (ഉടമസ്ഥന് മാത്രം), ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, സർവീസ് / പെൻഷണർ ഫോട്ടോ ഐഡി കാർഡ്, ഭിന്നശേഷി ഐഡി കാർഡ്, ട്രാൻസ്ജെൻഡർ ഐഡി കാർഡ്, പാസ്പോർട്ട് എന്നിവയാണ് പേര് തെളിയിക്കുന്ന രേഖയായി പരിഗണിക്കുന്നത്.
പാസ്പോർട്ട്, ഇലക്ഷൻ ഐഡി, റേഷൻ കാർഡ്, കിസാൻ ഫോട്ടോ പാസ് ബുക്ക്, ഭിന്നശേഷി ഐഡി കാർഡ്, സർവീസ് ഫോട്ടോ ഐഡി കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ട്രാൻസ്ജൻഡർ ഐഡി കാർഡ്, ഇലക്ട്രിസിറ്റി / ഗ്യാസ് കണക്ഷൻ / വാട്ടർ/ ടെലഫോൺ /കെട്ടിട നികുതി ബില്ലുകൾ, രജിസ്റ്റേർഡ് സെയിൽ എഗ്രിമെന്റ് എന്നിവ മേൽവിലാസം തെളിയിക്കുന്ന രേഖയായും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484-2422693 എന്ന നമ്പറിൽ ബന്ധപ്പെടുക.