“കേരളത്തിലെ ആരോഗ്യ വകുപ്പ് നാഥനില്ലാക്കളരി”- ശിവസേന

“കേരളത്തിലെ ആരോഗ്യ വകുപ്പ്  നാഥനില്ലാക്കളരി”- ശിവസേന

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് സകല പ്രൗഡിയും കൈവിട്ട് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് പേരൂർക്കട ഹരികുമാർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നുവീണതറിഞ്ഞ് അവിടെയെത്തിയ മാധ്യമപ്രവർത്തകരെയും പോലീസിനെ ഫയർഫോഴ്സിനെയും തെറ്റിദ്ധരിപ്പിക്കാനും സംഭവത്തെ ലഘൂകരിച്ച് കാണിക്കാനും ചിലർ ബോധപൂർവമായ ശ്രമം നടത്തി. ആരും അപകടത്തിൽ പെട്ടിട്ടില്ലെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. തുടർന്നെത്തിയ മന്ത്രിമാർ ഇതേ നിലപാട് ആവർത്തിക്കുകയാണ് ഉണ്ടായത്. ആരോഗ്യ മേഖലയിൽ ഉയർന്നുവരുന്ന ആരോപണങ്ങളെ ചെറുക്കാൻ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് സിപിഎമ്മിന്റെ ന്യായീകരണ സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നതായി ഹരികുമാർ പറഞ്ഞു. ഇവരാണ് ഒരു നിരപരാധിയായ വീട്ടമ്മയെ മരണത്തിലേക്ക് വലിച്ചെറിഞ്ഞത്. 12 വർഷം മുമ്പ് ഫിറ്റ്നസ് ഇല്ല എന്ന് റിപ്പോർട്ട് നൽകിയ കെട്ടിടം തകർന്ന് വീഴുന്നത് വരെ അത് സീൽ ചെയ്യാതെ പ്രവർത്തിക്കാൻ അനുവദിച്ചത് ഗുരുതരമായ വീഴ്ചയാണ്. ആരോഗ്യരംഗത്ത് തുടരെ തുടരെയുണ്ടാകുന്ന വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ഹരികുമാർ ആവശ്യപ്പെട്ടു. ഈ സംഭവങ്ങളെ സംബന്ധിച്ച് ഒരു ജുഡീഷ്യൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിടണമെന്നും ദുരന്തത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിെലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും ധനസഹായം പ്രഖ്യാപിക്കണമെന്നും ഹരികുമാർ ആവശ്യപ്പെട്ടു.