തീപ്പിടിത്തം: മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേരളം; മന്ത്രി വീണാ ജോർജ് കുവൈറ്റിലേക്ക്
കുവൈറ്റിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും വ്യാഴാഴ്ച ചേർന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷൻ ഡയറക്ടർ (എൻഎച്ച്എം) ജീവൻ ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവർ കുവൈത്തിൽ പോകുന്നത്.
മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോർക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക.