കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ​ഗോപി

കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ​ഗോപി

തൃശൂർ എംപിയും നിയുക്ത കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിങ് പുരി അദ്ദേഹത്തെ സ്വീകരിച്ച് കസേരയിലേക്ക് ആനയിച്ചു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു. ട്രാൻസ്പോർട്ട് ഭവനിലുള്ള ടൂറിസം വകുപ്പ് കാര്യാലയത്തിലേക്ക് സുരേഷ് ഗോപി വൈകാതെ യാത്ര തിരിക്കും. അവിടെയെത്തിയാകും ടൂറിസം വകുപ്പിന്റെ ചുമതല ഏറ്റെടുക്കുക.

പ്രധാനമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും. ജനങ്ങളാണ് തനിക്ക് ഈ അവസരം നൽകിയത്. തൃശൂരിലുടെ കേരളത്തിന്റെ വികസനം യാഥാർഥ്യമാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തെ ടൂറിസം രംഗത്ത് ഭാരതത്തിന്റെ തിലകക്കുറിയാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.