സഹകരണ സംഘങ്ങൾക്ക് എതിരെ വീണ്ടും ആര്‍ബിഐ
തിരുവനന്തപുരം : സഹകരണ സംഘങ്ങൾക്ക് എതിരെ വീണ്ടും ആര്‍ബിഐ രംഗത്ത്. ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി ആർബിഐ പ്രമുഖ മലയാള പത്രങ്ങളില്‍ ഇത് സംബന്ധിച്ച പരസ്യം നൽകി. സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമാണ്. നേരത്തെ സമാന നിർദേശം ആര്‍ബിഐ നൽകിയിരുന്നു.സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ലെന്നും ആര്‍ബിഐയുടെ പരസ്യത്തില്‍ വ്യക്തമാക്കുന്നു.
2020 സെപ്റ്റംബര്‍ 29 നിലവില്‍ വന്ന ബാങ്കിംഗ് റെഗുലേഷന് ഭേദഗതി നിയമ പ്രകാരം സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കര്‍ അഥവാ ബാങ്കിംഗ് എന്ന വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിഷ്കര്‍ഷിക്കുന്നു.
1949 ലെ ബാങ്കിംഗ് റെഗുലേഷന് ആക്ട് ലംഘിച്ച് ബാങ്കിംഗ് ബിസിനസിനു തത്തുല്യമായി ചില സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നാമമാത്രഅംഗങ്ങളില് നിന്നും അസോസിയേറ്റ് അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ആ സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ബോധ്യപ്പെടുത്താനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിപ്പ് നല്‍കിയിട്ടുള്ളത് .
ഇത്തരം സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷുറന്‍സ് ലഭ്യമല്ല. ഇത്തരം സഹകരണസംഘങ്ങള്‍ ഒരു ബാങ്കാണെന്ന് അവകാശപ്പെടുകയാണെങ്കില്‍ ജാഗ്രത പാലിക്കാനും നിക്ഷേപം നടത്തും മുമ്പ് ആര്.ബി.ഐ നല്കിയ ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിക്കാനും പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു