ജനുവരി ഒന്നുമുതൽ കെ സ്മാർട്ട്; സംയോജിത സോഫ്റ്റ്വെയർ
തദ്ദേശഭരണ സ്ഥാപനങ്ങളുടെ സേവനം ഓൺലൈനായി ലഭ്യമാക്കുന്ന കെ സ്മാർട്ട് സംയോജിത സോഫ്റ്റ്വെയർ ജനുവരി ഒന്നുമുതൽ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും പ്രവർത്തനം ആരംഭിക്കും. എല്ലാ സേവനങ്ങളും സ്മാർട്ട്ഫോൺ മുഖേന സാധ്യമാക്കാൻ കെ സ്മാർട്ട് മൊബൈൽ ആപ്പും വികസിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായാണ് തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ മുഴുവൻ ഓൺലൈനായി ലഭിക്കുന്ന സംവിധാനം നിലവിൽ വരുന്നത്. ആദ്യം നഗരങ്ങളിൽ നടപ്പാക്കുന്ന സംവിധാനം ഏപ്രിൽ ഒന്നുമുതൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. അതോടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഏകീകൃത സോഫ്റ്റ് വെയർ സംവിധാനം നിലവിൽ വരും.
പരാതികൾ ഓൺലൈനായി സമർപ്പിക്കുന്നതിനും പരിഹരിച്ച് യഥാസമയം പരാതിക്കാരെ അറിയിക്കുന്നതിനുമുള്ള സംവിധാനം കെ സ്മാർട്ടിലുണ്ട്. അപേക്ഷ തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ തദ്ദേശസ്ഥാപനത്തിലും ജില്ല–സംസ്ഥാനതലത്തിലും ഡാഷ്ബോർഡുകൾ സജ്ജമാണ്. ഓഡിറ്റ് സംവിധാനവും ഡിജിറ്റലൈസ് ചെയ്തതിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
- സർട്ടിഫിക്കറ്റുകൾ ഇ -മെയിലിലും വാട്സാപ്പിലും ലഭിക്കും
- രാജ്യത്ത് ആദ്യമായി ഓൺലൈനായി വിവാഹ രജിസ്ട്രേഷൻ
- ചട്ടപ്രകാരം അപേക്ഷിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ കെട്ടിട പെർമിറ്റ്
- വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് ഓൺലൈനായി ലൈസൻസ്
- കെട്ടിടനമ്പർ, നികുതി അടയ്ക്കൽ, ജനന-മരണ രജിസ്ട്രേഷൻ ഓൺലൈനിൽ