ട്രെയിൻ യാത്രയ്ക്കിടെ സ്ത്രീകൾ അപമാനിക്കപ്പെടുന്നതിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്.
ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2022ലെ കണക്കുപ്രകാരം ട്രെയിൻ യാത്രയ്ക്കിടെ സ്ത്രീകൾ അപമാനിക്കപ്പെടുന്നതിൽ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.രണ്ടാം സ്ഥാനത്ത് കേരളവും, മൂന്നാം സ്ഥാനത്ത് ഉത്തർ പ്രദേശുമാണ് .
2011ലെ സൗമ്യ കേസിന് ശേഷവും സ്ത്രീ യാത്രക്കാരുടെ സുരക്ഷയിൽ ആശങ്ക തുടരുന്നതിന്റെ തെളിവാണിത്. സ്ത്രീകളെ ആക്രമിച്ച 331 കേസുകളാണ് 2022ൽ രജിസ്റ്റർ ചെയ്തത്. മഹാരാഷ്ട്രയിൽ 98, കേരളത്തിൽ 46, ഉത്തർപ്രദേശിൽ 35 കേസുകൾ. ഹിമാചൽ, ത്രിപുര, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ ഒറ്റ കേസുമില്ല. ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഒരു കൊലപാതകവും ആ വർഷം നടന്നിട്ടില്ല. 221 മോഷണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേരളത്തിൽ 2022ൽ 604 കേസാണ് റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്തത്. 2021ൽ 637 ആയിരുന്നു. 2020ൽ 253ഉം. ഈ വർഷത്തെ കേസുകളിൽ എലത്തൂർ ട്രെയിൻ കത്തിക്കലും ഉൾപ്പെടുന്നു.