തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളെ ഇനി വിഡ്ഢികളാക്കാൻ അവസരം നൽകരുതെന്നും മുൻകാല തിരഞ്ഞെടുപ്പുകളിൽ ജനങ്ങളെ കബളിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ജനങ്ങളെ കബളിപ്പിക്കാതെ 2024 ൽ കേരളത്തിൽ യുഡിഎഫും എൽഡിഎഫും ഒറ്റ മുന്നണിയായി ഇന്ത്യ സഖ്യത്തിൽ മത്സരിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേരളത്തിൽ രണ്ട് വർഷമെങ്കിലും കേന്ദ്ര ഭരണം ഏർപ്പെടുത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.
ക്രൈസ്തവ സമൂഹമായി ബി ജെ പി യോജിപ്പ് നടത്തുന്നത് ഇല്ലാതാക്കാൻ ശ്രമിക്കുന്നെന്ന് സുരേന്ദ്രൻ ആരോപിച്ചു. ക്രൈസ്തവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. മണിപൂർ വിഷയം ഉയർത്തി മിസോറമിൽ മത്സരിച്ച കോൺഗ്രസിന് തിരിച്ചടി നേരിട്ടെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ക്രൈസ്തവ സമൂഹം കള്ള പ്രചാരണങ്ങളെ തള്ളി കളഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്മസ് , ഈസ്റ്റർ ദിനങ്ങളിൽ ക്രൈസ്തവ ഭവനങ്ങളിലേക്ക് ബി ജെ പി സ്നേഹ യാത്ര ഇത്തവണയും നടത്തുമെന്ന് സുരേന്ദ്രൻ അറിയിച്ചു.