കൊല്ലത്ത് കുട്ടിയെ കാണാതായ സംഭവത്തിൽ പോലീസിന്റെ വലിയ വീഴ്ച : കെ. സുരേന്ദ്രൻ.
കൊല്ലത്ത് കുട്ടിയെ കാണാതായ സംഭവത്തിൽ പ്രതികളെ പിടികൂടാൻ കഴിയാത്തത് പോലീസിന്റെ വലിയ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കുട്ടിയെ ആൾ തിരക്കേറിയ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ചിട്ട് പ്രതികൾ തിരികെ പോകുന്ന ഘട്ടത്തിലെങ്കിലും പിടികൂടാനാകാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്.
ഇത് മറച്ച് പിടിച്ചാണ് മുഖ്യമന്ത്രിയെ പുകഴ്ത്താൻ മരുമകനായ മന്ത്രി റിയാസ് തന്നെ ചീപ്പ് പി.ആർ പബ്ലിസിറ്റിക്കായി ഇറങ്ങിയിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. മായാവികളെ പോലെ വന്ന് കുട്ടിയെ തട്ടികൊണ്ടു പോകാനും ഉപേക്ഷിക്കാനും ഗുണ്ടാ സംഘങ്ങൾക്ക് കേരളത്തിൽ കഴിയുന്ന അവസ്ഥയാണ്. മുഖ്യമന്ത്രിയുമായി മന്ത്രിമാരും നടത്തുന്നത് നവ കേരള നുണ സദസ്സാണ്.
കേരളത്തിന് 56,000 കോടിയുടെ കേന്ദ്ര കുടിശികയുണ്ടെന്ന് ആരോപണം ഉയർത്തിയതിന് പിന്നാലെ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കണക്കുകൾ നിരത്തിയപ്പോൾ 5,600 കോടിയായി കുടിശിഖ കുറഞ്ഞു. കേന്ദ്രത്തിന്റെ പേരിലുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ പദ്ധതികളാക്കാനും നടപ്പാക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ വ്യാജ ഐ.ഡി കാർഡ് കേസിൽ സംസ്ഥാന സർക്കാർ പ്രതിപക്ഷത്തെ സഹായിക്കുകയാണെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.