10ലക്ഷം വേണം, രാവിലെ 10 ന് കുട്ടിയെ എത്തിക്കും; തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീയുടെ ശബ്ദരേഖ പുറത്ത്
കൊല്ലം ജില്ലയിലെ ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ ബന്ധുവിന് വീണ്ടും ഫോൺകോൾ. കുട്ടി സുരക്ഷിതയാണെന്നും 10ലക്ഷം രൂപ തന്നാൽ രാവിലെ 10മണിക്ക് കുട്ടിയെ വീട്ടിലെത്തിക്കാമെന്നും തട്ടിക്കൊണ്ടുപോയ സംഘത്തിലെ യുവതി പറയുന്നു. ബന്ധുവിന്റെ ഫോണിലേക്കാണ് യുവതി വിളിച്ചത്. എന്നാൽ വിവരം പൊലീസിന് കൈമാറരുതെന്നും ബോസ് പറയുന്നതുപോലെ ചെയ്യണമെന്നും യുവതി പറയുന്നുണ്ട്.
ഫോണ്‍വിളിയുടെ വിശദാംശങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. നേരത്തെ 5ലക്ഷം രൂപ ആവശ്യപ്പെട്ടാണ് കുഞ്ഞിൻ്റെ അമ്മയ്ക്ക് ഫോണ്‍കോൾ വന്നത്.
സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പൊലീസ് ഊർജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.