ചക്കുളത്തുകാവ് പൊങ്കാല ഇന്ന്.
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം ഇന്ന് നടക്കും. ക്ഷേത്രത്തിന്റെ 70 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല കലങ്ങൾ നിരക്കും. തകഴി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂർ, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാർ, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലേക്കുള്ള റോഡുകളില്‍ പൊങ്കാല അടുപ്പുകൾ നിരന്നു.
3000 ഓളം വോളന്റിയേഴ്സിനെ ഇൻഫർമേഷൻ സെന്ററുകളിലും പാർക്കിംഗ് സ്ഥലങ്ങളിലും വിന്യസിച്ചിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങൾക്ക് പോലീസ്, ഫയർഫോഴ്സ്, എക്സൈസ് എന്നിവരുടെ സേവനം പത്തനംതിട്ട, ആലപ്പുഴ ജില്ല കളക്ടർമാരുടെ നേത്യത്വത്തിൽ ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യ ദര്‍ശനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടന്നു.
9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥന, 10.30 ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്ണന്‍ നമ്പൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. കേന്ദ്ര ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജിവ് ചന്ദ്രശേഖര്‍ പൊങ്കാല മഹോത്സവം ഉദ്ഘാടനം ചെയ്യും.
11 ന് 500- ല്‍ പരം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് 5 ന് സാംസ്‌കാരിക സമ്മേളനം കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകരും.