വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. അഭി വിക്രം, വികാസ് കൃഷ്ണൻ, ബിനിൽ വിനു, ഫെന്നി എന്നിവരാണ് അറസ്റ്റിലായത്. മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശികളാണ് അറസ്റ്റിലായവർ. പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടിസ് അയക്കും.
കസ്റ്റഡിയിൽ ഉള്ളത് തന്റെ നാട്ടുകാരായ പ്രവർത്തകരാണ്. അവരുമായി തനിക്ക് വ്യക്തിപരമായി നല്ല ബന്ധമുണ്ട്. തന്നെ ഇതുവരെ അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടില്ലെന്നും ബന്ധപ്പെട്ടാൽ അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജൻസികൾ ബന്ധപ്പെട്ടാൽ ഒരു യൂത്ത് കോണ്ഗ്രസ് പ്രവർത്തകനും നെഞ്ച് വേദന വരില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച കേസിൽ നടപടികൾ കടുപ്പിക്കുകയാണ് പൊലീസ്. ഡിവൈഎഫ്ഐ നേതാക്കൾ നേരിട്ടു നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.