പുതുക്കിയ ആൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾക്കെതിരെ കെഎസ്ആർടിസിയുടെ ഹർജി
ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകൾ ചോദ്യം ചെയ്ത് കെ.എസ്.ആർ ടി സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇക്കഴിഞ്ഞ മെയ് മാസം നിലവിൽ വന്ന ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ 6 ,10 എന്നിവ 1988 ലെ മോട്ടോർ വാഹന നിയമത്തിനെതിരാണ്. പ്രസ്തുത ചട്ടങ്ങൾ പ്രകാരമുള്ള ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുകൾ റദ്ദാക്കണമെന്നാണ് കെഎസ്ആർ ടി സിയുടെ ആവശ്യം.
ദേശസാത്കൃത റൂട്ടിലൂടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത വാഹനങ്ങൾ നിയന്ത്രിക്കണമെന്നും ഇത്തരം പെർമിറ്റിലൂടെ സ്റ്റേജ് കാര്യേജായി ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്നിങ്ങനെയാണ് ആവശ്യങ്ങൾ.
ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ സ്റ്റേജ് ക്യാരേജായി ഉപയോഗിക്കുന്നുവെന്നതാണ് നിലവിലുള്ള ആക്ഷേപം.
ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിലോടിയ റോബിൻ ബസ് കഴിഞ്ഞ ദിവസം സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നാലിടത്തായി തടഞ്ഞു പിഴയിടുകയും പിന്നീട് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.