രണ്ടാം ഘട്ട മെട്രോ വികസനം കാക്കനാട് റൂട്ടിൽ
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൽ ചെമ്പുമുക്ക്, പടമുകൾ സ്റ്റേഷനുകൾ ഒഴിവാക്കില്ലെന്ന് കെ എം ആർ എൽ
വിഷയം ചൂണ്ടിക്കാട്ടി ഹൈബി ഈഡൻ എം പിയും ഉമാ തോമസ് എം എൽ യും കത്ത് നൽകിയിരുന്നു. എം പിയ്ക്ക് കെ എം ആർ എൽ കൊടുത്ത മറുപടിയിലാണ് കാര്യത്തിൽ വ്യക്തതനൽകിയിരിക്കുന്നത്.
കണയന്നൂർ താലൂക്കിലെ ഇടപ്പള്ളി സൗത്ത്, വാഴക്കാല, കാക്കനാട് വില്ലേജുകളിലായി 1.714 ഹെക്ടർ ഭൂമിയാണ് മെട്രോ ഏറ്റെടുത്തിരിക്കുന്നത്. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള രണ്ടാം ഘട്ടത്തിൽ 10 സ്റേഷനുകൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. മുഴുവൻസ്റ്റേഷനുകളും പൂർത്തിയാക്കുകയാണ് കെ എം ആർ എല്ലിന്റെ ലക്ഷ്യം എന്ന് മറുപടിയിൽ പറയുന്നു.
ജില്ലാ ഭരണകൂടം നിശ്ചയിച്ച ഏജൻസി സ്റ്റേഷനുകളുടെ സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച സാമൂഹ്യ ആഘാത പഠനം നടത്തി, ആയതിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. സാമൂഹ്യ ആഘാത പഠന റിപ്പോർട്ട് പ്രകാരം ചെമ്പുമുക്കിൽ ഇടവക അംഗങ്ങളുടെ അഭ്യർത്ഥന പ്രകാരം നിർദ്ദിഷ്ട സ്റ്റേഷന്റെ ഏരിയ കുറക്കണമെന്നും,പടമുകളിലെ നിർദ്ദിഷ്ട സ്റ്റേഷൻ പ്രദേശവാസികൾക്ക് വളരെയധികം സാമൂഹ്യ അഘാതം സൃഷ്ടിക്കുമെന്നും അതിനാൽ അടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തേക്ക് മാറ്റാനും ശുപാർശ ചെയ്തിട്ടുണ്ടെന്ന് കെ എം ആർ എൽ പറയുന്നു.
ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം കെ എം ആർ എല്ലിന്റെ ഡിസൈൻ ഡിപ്പാർട്ട്മെന്റും ടെക്നിക്കൽ ഡിപ്പാർട്ട്മെന്റും ഈ രണ്ട് സ്റ്റേഷനുകളെ സംബന്ധിച്ച് പഠനം നടത്തുകയാണ്. ഡി പി ആർ പ്രകാരമുള്ള എല്ലാ സ്റ്റേഷനുകളും ഉണ്ടാകുമെന്ന് കെ എം ആർ എൽ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഹൈബി ഈഡൻ എം പി അറിയിച്ചു.