ഗവർണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെതിരെ വിമർശനവുമായി സുപ്രീംകോടതി.

ഗവർണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെതിരെ വിമർശനവുമായി സുപ്രീംകോടതി.

ഗവർണർമാരെ നേരിട്ട് തെരഞ്ഞെടുക്കുന്നതല്ലെന്ന് ഓർക്കണം, ബില്ലുകൾ പിടിച്ചു വയ്ക്കുന്നതെന്തിന്? വിമർശിച്ച് സുപ്രീംകോടതി

സർക്കാരുകൾ കോടതിയിൽ വരുന്നത് വരെ ഗവർണർമാ‍ർ നടപടി എടുക്കാത്തതെന്താണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു.

ഗവർണർമാരെ നേരിട്ടു തെരഞ്ഞെടുക്കുന്നതല്ലെന്ന് ഓർക്കണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി,കേരളം നല്കിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്നും അറിയിച്ചു.

ആ‍ർക്കെങ്കിലും അവരുടെ ഉള്ളിൽ സംശയം ഉണ്ടെങ്കിൽ അവർക്ക് കോടതിയിൽ പോകാം.

ആ സംശയം മാറ്റും സുപ്രീംകോടതിയിൽ കേരളം ഹർജി നൽകിയതിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഈ പരാമർശത്തിൽ കേരളം സുപ്രീംകോടതിയെ അതൃപ്തി അറിയിച്ചു.

സംസ്ഥാനത്തിന്റെ ഹർജി പരാമർശിച്ച മുൻ അറ്റോണി ജനറൽ കെ കെ വേണുഗോപാലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന്റെ ശ്രദ്ധയിൽ പെടുത്തിയത്.

കേരളത്തിന്റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

പഞ്ചാബ് ഗവർണർ ബില്ലുകൾ പിടിച്ചുവയ്ക്കുന്നതിനെതിരായ ഹർജിയാണ് കോടതി ഇന്നാദ്യം കേട്ടത്.

പഞ്ചാബ് ഗവർണർ ബില്ലുകളിൽ കഴിഞ്ഞ ദിവസം തീരുമാനം എടുത്തിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

ഈ സമയത്താണ് ഗവർണർമാരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

‘സുപ്രീംകോടതിയിൽ ഹർജി വന്നതിനു ശേഷം മാത്രമാണ് ഗവർണർമാർ നടപടി എടുക്കുന്നത്.

എന്തിന് അതുവരെ കാത്തിരിക്കണം. ഗവർണർമാരും ഭരണഘടന തത്വങ്ങൾ പാലിച്ച് പ്രവർത്തിക്കണം.

ഗവർണർമാർ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്നവരല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി’.

ഗവർണർമാർക്കും സംസ്ഥാന സർക്കാരുകൾക്കും ഇടയിൽ ഇത്തരം വിഷയങ്ങൾ രമ്യമായി തീർക്കാനുള്ള ചർച്ചകൾ നടക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.

കേരളം, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ ഹർജികൾ വെള്ളിയാഴ്ച ഒന്നിച്ച് പരിഗണിക്കും.

സുപ്രീംകോടതിയുടെ ഇന്നത്തെ നിരീക്ഷണത്തോടെ തീരുമാനം എടുക്കാൻ ഗവർണറുടെ മേലുള്ള സമ്മർദ്ദം ശക്തമാകുകയാണ്.