കോടികളുടെ കുടിശിക കേരളപ്പിറവി ദിനത്തിൽ സപ്ലൈകോ വിതരണക്കാരുടെ പ്രതിഷേധം

കോടികളുടെ കുടിശിക കേരളപ്പിറവി ദിനത്തിൽ സപ്ലൈകോ വിതരണക്കാരുടെ പ്രതിഷേധം

സംസ്‌ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് (സപ്ലൈകോ) ഭക്ഷ്യോത്പന്നങ്ങൾ വിതരണം ചെയ്ത വകയിൽ കുടിശ്ശികയായി ലഭിക്കാനുള്ള 650 കോടിയിലേറെ രൂപ ഉടൻ നൽകണമെന്നാവശ്യപ്പെട്ട് വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള വിതരണക്കാർ കേരളപ്പിറവി ദിനത്തിൽ സപ്ലൈകോ ആസ്‌ഥാനത്ത് സൂചനാ സമരം നടത്തി. വിതരണക്കാരുടെ ആറുമാസത്തെ കുടിശിക ഉടൻ നൽകണമെന്നും വിതരണക്കാരെ ബാങ്ക് ജപ്തിയിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപെട്ടാണ് കൊച്ചി ഗാന്ധിനഗർ സപ്ലൈകോയുടെ ഹെഡ് ഓഫീസിനു മുൻപിൽ സൂചനാ ധർണ്ണ നടത്തിയത്.

6 മാസക്കാലയളവായി സപ്ലൈകോയിൽ ഭക്ഷ്യോൽപ്പന്നങ്ങൾ വിതരണം ചെയ്തവർക്ക് പണം നൽകിയിട്ടില്ല. കിടപ്പാടം പോലും പണയപ്പെടുത്തി ബാങ്ക് ഓഡി എടുത്താണ് സപ്ലൈകോയ്ക്ക് വിതരണക്കാർ സാധനങ്ങൾ വിതരണം ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ ആറു മാസത്തിലേറെയായി ബാങ്കിന്റെ പലിശപോലും അടയ്ക്കുവാൻ കഴിയാത്ത അവസ്ഥയിലാണെന്ന് കേരള, ആന്ധ്ര, കർണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് സമരത്തിൽ പങ്കെടുക്കാനെത്തിയ വിതരണക്കാരുടെ പ്രതിനിധികൾ പറഞ്ഞു.

ബാങ്ക് ജപ്തി നോട്ടീസുകൾ നിരന്തരം ലഭിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് ഇവർ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ 1500 കമ്പനികൾക്കാണ് സപ്ലൈകോ പണം കൊടുക്കാനുള്ളത്.ജി എസ് ടി പോലും അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വിതരണക്കാർ. പല വിതരണക്കാരുടെയും ജി എസ് ടി ബ്ലോക്ക് ചെയ്യപ്പെട്ട സ്‌ഥിതിയിലാണ്. റവന്യു റിക്കവറിയിലേക്ക് നീക്കുമെന്ന് ജി എസ് ടി വകുപ്പ് മുന്നറിയിപ്പ് നൽകിയതായും വിതരണക്കാരുടെ കൂട്ടായ്മ പറയുന്നു. കമ്പനികളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ശമ്പളം പോലും കൃത്യമായി കൊടുക്കുവാൻ ഇക്കാരണത്താൽ സാധിക്കുന്നില്ല എന്നും ഇവർ പറഞ്ഞു.

ആന്ധ്രാപ്രദേശ് ശ്രീലക്ഷ്മി റൈസ് മിൽ ആൻഡ് ഹൈജീനിക് ഫുഡ് ഉടമ ശ്രീനിവാസ് റെഡ്‌ഡി, അമിത് സത്യൻ ( യൂണിബിക് ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), പ്രമോദ് കൃഷ്ണ (ഡെവോൺ ഫുഡ്സ്), സെബി ആൽബർട്ട് (ആൽബർട്ട് ആൻഡ് സൺസ്), ബാബുരാജ് (മദീന സ്റ്റാർ), കിച്ചൻ ട്രഷേർസ് , മേളം ഫുഡ്സ്, എലൈറ്റ് ഫുഡ്സ്, ഈസ്റ്റേൺ, ഗ്രീൻ മൗണ്ട് , തുടങ്ങിയ നിരവധി ഭക്ഷ്യോത്പന്ന വിതരണ കമ്പനികളുടെ പ്രതിനിധികൾ ധർണ്ണയിൽ പങ്കെടുത്തു.

ക്യാപ്‌ഷൻ:

സപ്ലൈകോയിൽ നിന്ന് ലഭിക്കാനുള്ള കോടികളുടെ കുടിശിക ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള വിതരണക്കാർ കേരളപ്പിറവി ദിനത്തിൽ എറണാകുളം ഗാന്ധിനഗർ സപ്ലൈകോ ആസ്‌ഥാനത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നു