പയനീറിങ്ങ് ഗ്രോത്ത്; ട്രാൻസ്ഫോർമിംഗ് കേരള : ദ്വിദിന സമ്മേളനം കൊച്ചിയിൽ
ദേശീയ, അന്തർദേശീയ താത്പര്യങ്ങൾ കൂടി മുൻനിർത്തിയുള്ള പുതിയ നിക്ഷേപക സാധ്യതകളും ദ്വിദിന സമ്മേളനം ചർച്ച ചെയ്യും.
കേരളത്തിന്റെ വളർച്ചയും വികസനവും ലക്ഷ്യമിട്ട് ഫിക്കിയുടെ നേതൃത്വത്തിൽ കേരള വ്യവസായ വികസന കോർപ്പറേഷനുമായി (കെഎസ്ഐഡിസി) സഹകരിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനം നവംബർ 9, 10 തീയതികളിൽ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. എം.പിമാരായ ഡോ. ശശി തരൂർ, ഹൈബി ഈഡൻ എന്നിവർക്കൊപ്പം കമൽഹാസൻ, ക്രിസ് ഗോപാലകൃഷ്ണൻ, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണർ അലക്സാർ എല്ലിസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകുന്ന സമാപന സമ്മേളനത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും.
കേരളത്തിന്റെ സമഗ്ര വികസനവും, നിക്ഷേപ സാധ്യതകളും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനത്തിൽ ആഗോള തലത്തിൽ പ്രശസ്തമായ നിരവധി കമ്പനികളും സി ഇ ഒമാരും
പങ്കെടുക്കുമെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ഡോ. എം. ഐ സഹദുള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹെൽത്ത് ആൻഡ് വെൽനസ്, ബാങ്കിംഗ് ആൻഡ് ഫിനാൻസ്, ഇൻഫ്രാസ്ട്രക്ച്ചർ, ഐ ടി ആൻഡ് ഐ ടി ഇ എസ് , എന്റർടെയിൻമെന്റ്, എഡ്യുക്കേഷൻ ആൻഡ് ആർട്ട്, സ്റ്റാർട്ട് അപ്പ്സ്, റീറ്റെയ്ൽ, ടൂറിസം, സസ്റ്റെയ്നബിൾ ഇക്കോ സിസ്റ്റം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയാകും സെഷനുകൾ നടക്കുക. ഈ വർഷത്തെ ഫിക്കി മെയ്ഡ് ഇൻ കേരള അവാർഡുകളും സമ്മേളനത്തിൽ വിതരണം ചെയ്യും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിൽ മുൻ അംബാസിഡർ ടി.പി ശ്രീനിവാസൻ , ചലച്ചിത്ര താരങ്ങളായ സിദ്ധാർഥ് സൂര്യനാരായണൻ, നിക്കി ഗൽറാണി, മധു എസ് നായർ, വ്യവസായ പ്രമുഖരായ വിശാൽ ബാലി, ഡോ. ഫൈസൽ കൊട്ടിക്കൊള്ളൻ, ശ്യാം ശ്രീനിവാസൻ, സുമൻ ബില്ല മുഹമ്മദ് ഹനീഷ് , വി.കെ മാത്യൂസ്, പി.ആർ ശേഷാദ്രി, വാസുദേവൻ, അനൂപ് അംബിക, ഡോ. ജിബ്സൺ ജി വേദമണി, ദാമോദൽ മാൽ, . എം.പി അഹമ്മദ്, പ്രവീൺ തോമസ്, വിനോദ് സുസ്ത്സി, പ്രഭാത് സഹായ് വർമ്മ, ബി. സന്ധ്യ ഐ.പി.എസ്, സന്തോഷ് കുമാർ എന്നിവർ സംസാരിക്കും. ചലച്ചിത്രതാരവും നർത്തകിയുമായ ശോഭന, സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി എന്നിവർ നയിക്കുന്ന കലാപരിപാടികളും നടക്കും.
കേരളത്തിന്റെ സമഗ്ര വികസനത്തിനായി വ്യവസായ സംരംഭകർ, നിക്ഷേപകർ, നയരൂപീ കരണ വിദഗ്ധർ എന്നിവർക്കു പുറമെ നിലവിലെ വെല്ലുവിളികൾ നേരിടാൻ വിദഗ്ധരും വ്യവസായ രംഗത്തെ
അതികായരും തമ്മിലുള്ള തുറന്ന ചർച്ചകൾക്കും ഈ സമ്മേളനം വേദിയാകും. വ്യവസായ പുരോഗതിക്കായി പുതിയ സാധ്യതകളും തന്ത്രങ്ങളും ആവിഷ്കരിക്കുന്ന സമ്മേളനത്തിൽ ഏറ്റവും ആകർഷകമായ നിക്ഷേപ കേന്ദ്രമായി കേരളത്തെ ഉയർത്തി കാട്ടുക എന്നതാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രസന്റേഷനുകൾക്കും സെഷനുകൾക്കുമപ്പുറം പരസ്പര സഹകരണത്തിന്റെ അനന്ത സാദ്ധ്യതകൾ കൂടി തുറക്കുന്നതാകും കൊച്ചിയിൽ നടക്കുന്ന ദ്വിദിന സമ്മേളനം. ഉന്നത സർക്കാർ
ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, മാനേജ്മെന്റ് ഗുരുക്കന്മാർ തുടങ്ങിയവർ സമ്മേളനത്തിലുടനീളം പങ്കെടുക്കും.
ഡോ.എം.ഐ സഹദുള്ളയ്ക്കൊപ്പം കെ എസ് ഐ ഡി സി ജനറൽ മാനേജർ ആർ. പ്രശാന്ത്, ആന്റണി കൊട്ടാരം, അലക്സ് കെ.നൈനാൻ, ബിബു പൊന്നൂരാൻ, എ. ഗോപാലകൃഷ്ണൻ, യു.സി റിയാസ്, സാവിയോ മാത്യു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.