നടികര്‍ തിലകം’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ശിവാജി ഗണേശന്‍റെ ആരാധക സംഘടന.
ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ‘നടികര്‍ തിലകം’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ശിവാജി ഗണേശന്‍റെ ആരാധക സംഘടന.
നടികര്‍ തിലകം ശിവാജി സമൂഗ നള പേരവൈ എന്ന സംഘടനയാണ് ആവശ്യം ഉന്നയിച്ച് മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യ്ക്ക് കത്തയച്ചിരിക്കുന്നത്.
തമിഴ് സിനിമാലോകത്ത് ശിവാജി ഗണേശന്‍റെ വിശേഷണപ്പേര് ആയിരുന്നു നടികര്‍ തിലകം എന്നത്. ഒരു കോമഡി ചിത്രത്തിന് ഈ പേര് നല്‍കുന്നത് മണ്‍മറഞ്ഞ ഒരു പ്രതിഭയുടെ പ്രശസ്തിയെ ബോധപൂര്‍വ്വം കളങ്കപ്പെടുത്താനാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അതിനാല്‍ പേര് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ശിവാജി സമൂഗ നള പേരവൈ ‘അമ്മ’യ്ക്ക് അയച്ച കത്തിന്റെ പൂർണ്ണ രൂപം….
ജീന്‍ പോള്‍ ലാലിന്‍റെ സംവിധാനത്തില്‍ നടികര്‍ തിലകം എന്നൊരു മലയാള ചിത്രം നിര്‍മ്മിക്കപ്പെടുന്നതായി ഞങ്ങള്‍ അറിയാന്‍ ഇടയായി. ഇത് ഞങ്ങളെ സംബന്ധിച്ച് കേവലം ഒരു പേര് മാത്രമല്ല, മറിച്ച് ഞങ്ങളുടെ ജീവശ്വാസമാണ്. ഒരു ടൈറ്റില്‍ അല്ല അത്, മറിച്ച് തമിഴ് സിനിമയുടെ സ്വരാക്ഷരം തന്നെയാണ്.
തമിഴ് സിനിമയുടെ ദീപസ്തംഭമായിരുന്ന ശിവാജി ഗണേശന് അദ്ദേഹത്തിന്‍റെ ആരാധകര്‍ നല്‍കിയ വിശേഷണമായിരുന്നു അത്. നടികര്‍ തിലകം എന്ന പേര് ഒരു മലയാള സിനിമയ്ക്ക് നല്‍കുന്നത് തമിഴ്നാട്ടിലുള്ള ശിവാജി ഗണേശൻ ആരാധകര്‍ക്കും തമിഴ് സിനിമയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ഏറെ വേദന ജനിപ്പിക്കുന്നതാണ്.
അദ്ദേഹത്തിന്റെ പേര് ഒരു കോമഡി സിനിമക്ക് നല്‍കുന്നതിലൂടെ ഞങ്ങള്‍ ഹൃദയംകൊണ്ട് ആരാധിക്കുന്ന ആ നടന്റെ പേരിനെ മനഃപൂര്‍വം അവഹേളിക്കുകയാണ്. ഒത്തൊരുമയോടെ പോകുന്ന തമിഴ്, മലയാളം സിനിമ മേഖലകളുടെ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുവാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ നടികര്‍ തിലകം എന്ന പേര് ഉപയോഗിക്കുവാൻ അനുവദിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈ പേര് ഉപയോഗിക്കുവാന്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും മറ്റൊരു പേര് ഉപയോഗിക്കുവാന്‍ അവരെ ഉപദേശിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു, സംഘടനയുടെ പ്രസിഡന്‍റ് കെ. ചന്ദ്രശേഖരന്‍റെ പേരിലുള്ളതാണ് കത്ത്.