സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; 21 മുതൽ അനിശ്ചിതകാല സമരം
സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്. നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു. സീറ്റ് ബെൽറ്റ്, ക്യാമറ തുടങ്ങി ബസുടമകൾക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.
മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകളുടെ സംഘടന കത്തുനൽകി.
സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഓർഡിനറിയാക്കി മാറ്റി. 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ നിർത്തലാക്കാനാണ് തീരുമാനം. ഇക്കാര്യങ്ങൾ സർക്കാർ പുനഃപരിശോധിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. നവംബർ ഒന്നു മുതൽ അതിദരിദ്രരായ വിദ്യാർഥികൾക്ക് സംസ്ഥാനത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെയാണെന്നും സംയുക്തസമര സമിതി കൂട്ടിച്ചേർത്തു.