കരുവാറ്റ വള്ളംകളിക്ക് ശേഷം സംഘർഷം; ബോട്ട് ക്ലബ്ബിന്റെ ക്യാമ്പിന് നേരെ ആക്രമണം
ഹരിപ്പാട് കരുവാറ്റയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിക്ക് ശേഷം തുഴച്ചിൽക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം.
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിലെ തുഴച്ചിൽക്കാർക്കും നാട്ടുകാരനായ ഒരാൾക്കും പരിക്കേറ്റു.
വള്ളംകളിക്കിടെ ഇരുവിഭാഗവും തമ്മിൽ ചെറിയതോതിൽ വാക്കേറ്റം ഉണ്ടായിരുന്നു.
മത്സരശേഷം എസ് എൻ കടവിലുള്ള പി ബി സിയുടെ ക്യാമ്പിലാണ് സംഘർഷമുണ്ടായത്.
ക്യാമ്പിലെ ഡെസ്കും കസേരകളും തകർത്തു.
തുഴച്ചിൽക്കാർക്കായി ഒരുക്കിയ ഭക്ഷണവും നശിപ്പിച്ചു.
തുഴച്ചിൽക്കാരായ ലാൽ, രതീഷ്,അഖിൽ,ഗഗൻ, പ്രശാന്ത് എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ കരുവാറ്റ കന്നുകാലിപ്പാലം സ്വദേശി അഖിലിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഹരിപ്പാട് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
തുഴച്ചിൽക്കാർക്ക് നേരെയുണ്ടായ ആക്രമണം പ്രതിഷേധാർഹമാണെന്ന് തോമസ് കെ തോമസ് എം എൽ എ പറഞ്ഞു.
കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും എം എൽ എ അറിയിച്ചു.