കമ്പനികൾക്കും കെ വൈ സി കർശനമാക്കണമെന്ന് ഐടി മന്ത്രാലയം
തട്ടിപ്പ് വായ്പാ ആപ്പുകൾ തടയാനായി വ്യക്തികൾക്കു സമാനമായി കമ്പനികൾക്കും കെവൈസി നടപടിക്രമങ്ങൾ കർശനമാക്കണമെന്ന് ഐടി മന്ത്രാലയം റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു.
പലപ്പോഴും സ്ഥാപനങ്ങൾക്കു നൽകുന്ന കറന്റ് ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗിച്ചാണ് ഇത്തരം ആപ്പുകൾ പണം വായ്പയായി നൽകുന്നതും തിരിച്ചടവ് സ്വീകരിക്കുന്നതും. പരിധികളില്ലാതെ ഇടപാടുകൾ നടത്താമെന്നതാണ് കറന്റ് അക്കൗണ്ടുകളെ തട്ടിപ്പുകാർക്ക് ആകർഷകമാക്കുന്നത്.
അതുകൊണ്ട് കമ്പനികൾക്ക് ബാങ്ക് അക്കൗണ്ട് നൽകുമ്പോൾ പശ്ചാത്തലം കൃത്യമായി ഉറപ്പാക്കാൻ സംവിധാനമുണ്ടാകണമെന്നാണ് ഐടി മന്ത്രാലയം ആർബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവഴി ബാങ്ക് അക്കൗണ്ടുകളുടെ ദുരുപയോഗം തടയാനും ചട്ടലംഘനമുണ്ടായാൽ നിരീക്ഷണം ശക്തമാക്കാനും കഴിയും.