കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് 

കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് 

അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായാണ് ആധാര്‍ കാര്‍ഡ് നല്‍കുന്നത്.

രാജ്യത്തെ തിരിച്ചറിയല്‍ രേഖയായി കണക്കാക്കുന്ന ആധാര്‍ മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും ആവശ്യമായുണ്ട്. സ്‌കൂളില്‍ ചേര്‍ക്കാനടക്കം ഇവ നിര്‍ബന്ധമാണ്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത് അനുസരിച്ച് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് പ്രായ പരിധി ഇല്ല. അതായത് ചെറിയ കുട്ടികള്‍ക്ക് വരെ ആധാര്‍ കാര്‍ഡ് എടുക്കാവുന്നതാണ്.

ആധാര്‍ കാര്‍ഡ് എടുക്കാന്‍ സാധാരണ ചാര്‍ജ് ഈടാക്കുന്നുണ്ട്. എന്നാല്‍, അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായാണ് ആധാര്‍ കാര്‍ഡ് നല്‍കുന്നത്. അഞ്ച് വയസിന് മുന്‍പാണ് കുട്ടിക്ക് ആധാര്‍ എടുത്തതെങ്കില്‍ അഞ്ച് വയസ് കഴിഞ്ഞാല്‍ ഇത് പുതുക്കേണ്ട ആവശ്യകതയുണ്ട്. അതില്‍ സാധാരണ ബയോമെട്രിക് നടപടിക്രമങ്ങള്‍ ഉള്‍പ്പെടും. ഇതിനായി അക്ഷയ കേന്ദ്രങ്ങളില്‍ എത്തേണ്ടതുണ്ട്.

അക്ഷയ അല്ലെങ്കില്‍ മറ്റ് ജനസേവന കേന്ദ്രങ്ങള്‍ വഴി ആധാറിനായി അപേക്ഷിക്കാം. അല്ലെങ്കില്‍ ഓണ്‍ലൈന്‍ ആയി ആധാര്‍ എൻറോള്‍ ചെയ്യാം. അതായത്. ചെറിയ കുട്ടികള്‍ക്ക് വിരലടയാളങ്ങളോ റെറ്റിന സ്‌കാനുകളോ ആവശ്യമില്ല, അതിനാല്‍ വീട്ടിലിരുന്നും അപേക്ഷിക്കാം. അതിനായി അവരുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍, ആശുപത്രിയുടെ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റോ സ്‌കൂളിന്റെ ഐഡി കാര്‍ഡോ ഉപയോഗിക്കാം. കൂടാതെ, മാതാപിതാക്കളില്‍ ഒരാള്‍ക്ക് ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ പാസ്പോര്‍ട്ട് പോലുള്ള സാധുതയുള്ള ഒരു തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കണം. അതേസമയം, മുതിര്‍ന്ന വ്യക്തികള്‍ക്ക് വിരലടയാളങ്ങളും റെറ്റിന സ്‌കാനുകളും ആവശ്യമുള്ളതിനാല്‍ ഓണ്‍ലൈന്‍ ആയി ആധാര്‍ എൻറോള്‍ ചെയ്യാന്‍ സാധിക്കില്ല.