ഇന്ത്യക്കാർക്ക് ശ്രീലങ്ക സന്ദർശിക്കാൻ ഇനി വിസ വേണ്ട
ഇന്ത്യൻ പൗരൻമാർക്ക് ശ്രീലങ്ക സന്ദർശിക്കാൻ ഇനി വിസ ഫീസ് നല്കേണ്ടതില്ല. ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ വിസ അനുവദിക്കാന്‍ ശ്രീലങ്ക മന്ത്രിസഭ തീരുമാനിച്ചു. നിലവിൽ രണ്ടായിരത്തി ഇരുന്നൂറ്റമ്പത് രൂപയാണ് ശ്രീലങ്കയുടെ ടൂറിസ്റ്റ് വിസയ്ക്ക് നല്കേണ്ടത്. ബിസിനസ് വിസയാണെങ്കിൽ രണ്ടായിരത്തി എണ്ണൂറും.
ഈ തുക പൂർണ്ണമായും വേണ്ടെന്ന് വയ്ക്കാനാണ് ശ്രീലങ്ക തീരുമാനിച്ചത്. ശ്രീലങ്കൻ വിസയ്ക്ക് പണം നല്കാതെ ഓൺലൈനിൽ അപേക്ഷ നല്കാം. അപേക്ഷ നല്കിയവർക്ക് വിമാനത്താവളത്തിൽ ഓൺ അറൈവൽ വിസ സ്വീകരിക്കാനും സൗകര്യം ഉണ്ടാകും. ഇന്ത്യയ്ക്കു പുറമെ ചൈന, റഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പൗരൻമാർക്കും ശ്രീലങ്ക വിസ സൗജന്യമാക്കി. . അതേസമയം റഷ്യയും ചൈനയും ഉള്‍പ്പെട്ട പട്ടികയില്‍ അമേരിക്കയില്ല.
മന്ത്രിസഭാ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോർട്ടുകള്‍. നിലവില്‍ മാര്‍ച്ച് 31 വരെയാണ് സൗജന്യ വിസയ്ക്ക് അനുമതി നല്‍കുക. രാജ്യത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പിന്‍റെ തീരുമാനം. തമിഴ്‌നാട്ടില്‍ നിന്ന് കഴിഞ്ഞാഴ്ച ശ്രീലങ്കയിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചിരുന്നു. 7700 രൂപയില്‍ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്. കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നതിനുള്ള സൗകര്യവുമുണ്ടാകും.
2019-ലെ ഈസ്റ്റര്‍ ദിനത്തിൽ കൊളംബോയിൽ നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തോടെ ശ്രീലങ്കയിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കില്‍ കുറവ് സംഭവിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ വിനോദ സഞ്ചാരികളുടെ എണ്ണം 50 ലക്ഷമാക്കി ഉയര്‍ത്താനാണ് ശ്രീലങ്കയുടെ പദ്ധതി. ടൂറിസത്തിലൂടെ രാജ്യത്തിന് കൂടുതല്‍ വരുമാന മാര്‍ഗം കണ്ടെത്തുകയാണ് സർക്കാരിന്‍റെ ലക്ഷ്യം.