റെയിൽവേ സ്റ്റേഷൻ പരിസരത്തെ ചായക്കടയിൽ ആക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.
ആലുവ പട്ടേരിപ്പുറത്ത് വാടകക്ക് താമസിക്കുന്ന കോമ്പാറ എൻ.എ.ഡി ഭാഗത്ത് തൈക്കണ്ടത്തിൽ വീട്ടിൽ ഫൈസൽ (33) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് സംഭവം. ചായക്കട ഉടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇരുമ്പ് പൈപ്പുകൊണ്ട് കടയിൽ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ചില്ല് തെറിച്ച് കൊണ്ട് ജീവനക്കാരനായ ലിറ്റൺ ഖാന്റെ മൂക്കിന് പരിക്കേറ്റിരുന്നു.
അതിഥി തൊഴിലാളികളുടെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോണും മറ്റും തട്ടിപ്പറിച്ചെടുക്കുന്നത് ചോദ്യം ചെയ്തതിലെ വിരോധമാണ് ആക്രമണത്തിന് കാരണമായത്. തുടർന്ന് പട്ടേരിപ്പുറത്തെ വീട്ടിൽ പോലീസ് ഇയാളെ പിടികൂടാനെത്തിയപ്പോൾ നായയെ അഴിച്ച് വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് കൂടുതൽ പോലീസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമം നടത്തി. പ്രതിയെ കൊണ്ടു വന്ന പോലീസ് ജീപ്പിന്റെ പുറകുവശത്തെ ഗ്ലാസും അടിച്ചു തകർത്തു. സ്റ്റേഷനിലും, ആശുപത്രിയിലും ഒച്ചപ്പാടും ബഹളവും സൃഷ്ടിച്ചു.
ചായക്കടയിൽ അക്രമം നടത്തിയതിനും, ഒദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും, പോലീസ് വാഹനം കേട് വരുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു. ഫിറ്റ്നസ് ട്രയിനറാണ്, ഫൈസലിനെതിരെ കളമശേരി, ആലങ്ങാട്, എടത്തല, പാലാരിവട്ടം സ്റ്റേഷനുകളിൽ അഞ്ച് കേസുകളുണ്ട്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശത്താൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, എസ്.ഐമാരായ സി.ആർ.ഹരിദാസ്, എസ്.എസ്.ശ്രീലാൽ സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ്, എം.എസ്.സന്ദീപ്, എസ് സുബ്രമണ്യൻ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.