ഗഗൻയാൻ ദൗത്യത്തിൽ വനിതാ ഫൈറ്റർ ടെസ്റ്റ് പൈലറ്റുമാർക്കും ശാസ്ത്രജ്ഞർക്കും മുൻഗണനയെന്ന് ഇസ്രോ ചെയർമാൻ
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൽ, വനിതാ ഫൈറ്റർ ടെസ്റ്റ് പൈലറ്റുമാർക്കും ശാസ്ത്രജ്ഞർക്കും മുൻഗണന നൽകുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ്.
‘ഗഗൻയാൻ പരീക്ഷണങ്ങളുടെ ഭാഗമായി മനുഷ്യസമാനമായ വനിതാ റോബട്ടിനെ ആളില്ലാ ബഹിരാകാശ വാഹനത്തിൽ അയയ്ക്കും. ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിൽ സഞ്ചാരികളെ മൂന്നു ദിവസത്തേക്ക് എത്തിച്ചശേഷം, തിരികെ ഭൂമിയിലേക്കു മടക്കിയെത്തിക്കും. അതിൽ സംശയമൊന്നും വേണ്ട. അതിനു പ്രാപ്തരായ വനിതാ സഞ്ചാരികളെ ഐഎസ്ആർഒ കാത്തിരിക്കുകയാണ്’ – സോമനാഥ് പറഞ്ഞു.
ഗഗൻയാൻ പദ്ധതിക്കു മുന്നോടിയായിട്ടുള്ള പുതിയ പരീക്ഷണവാഹനത്തിന്റെ വിജയകരമായ പരീക്ഷണത്തിനു പിന്നാലെയാണ് ഗഗൻയാൻ ദൗത്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അദ്ദേഹം പങ്കുവച്ചത്. മനുഷ്യനുമായുള്ള ചെറുദൗത്യം 2025ൽ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.