വന്ദേഭാരതിന് നാളെ മുതൽ സമയവ്യത്യാസം

വന്ദേഭാരതിന് നാളെ മുതൽ സമയവ്യത്യാസം

തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസര്‍കോട്ടേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തില്‍ മാറ്റം. നാളെ മുതൽ പുതിയ സമയക്രമത്തിലാകും വന്ദേഭാരത് സഞ്ചരിക്കുക. വന്ദേഭാരതിന് ചെങ്ങന്നൂരിൽ പുതുതായി സ്റ്റോപ് അനുവദിച്ചതോടെയാണ് സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. 

          

അഞ്ച് മിനിറ്റ് നേരത്തെയാകും തിരുവനന്തപുരത്ത് നിന്ന് തിങ്കളാഴ്ച മുതൽ വന്ദേഭാരത് പുറപ്പെടുക. രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന ട്രെയിൻ നാളെ മുതൽ രാവിലെ 5.15ന് സർവീസ് തുടങ്ങും. 6.03ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് രണ്ട് മിനിട്ട് അവിടെ നിർത്തിയിടും. 6.05ന് കൊല്ലത്തു നിന്ന് പുറപ്പെട്ട് 6.53ന് ചെങ്ങന്നൂരിൽ എത്തും. 6.55ന് ഇവിടെ നിന്ന് പുറപ്പെടും. വന്ദേഭാരത് കോട്ടയത്തും എറണാകുളത്തും നേരത്തെ എത്തിയിരുന്ന സമയത്ത് തന്നെ എത്തും. തൃശൂരിലെ സമയക്രമത്തിൽ മാറ്റമുണ്ടാകും. പതിവു പോലെ 9.30ന് എത്തുന്ന വണ്ടി 9.33ന് തൃശ്ശൂർ നിന്ന് പുറപ്പെടും. ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിൽ നിലവിലെ സമയത്ത് തന്നെയെത്തും. 

         

മടക്കയാത്രയിലും കാസർകോട് മുതൽ ഷൊർണൂർ വരെ നിലവിലെ സമയക്രമത്തിലാകും. 6.10ന് തൃശ്ശൂരെത്തുന്ന വന്ദേഭാരത് ഇവിടെ നിന്ന് 6.13നായിരിക്കും പുറപ്പെടുക. എറണാകുളത്തും കോട്ടയത്തും സമയത്തിൽ മാറ്റമില്ല. 8.46ന് ചെങ്ങന്നൂരിൽ എത്തി 8.48ന് പുറപ്പെടും. 9.34ന് കൊല്ലത്തെത്തി 9.36ന് പുറപ്പെടും. മുൻസമയക്രമത്തിനെക്കാൾ അഞ്ച് മിനിറ്റ് വൈകി 10.40നാവും ട്രെയിൻ തിരുവനന്തപുരത്ത് തിരിച്ചെത്തുക.