ടാക്സ് കുടിശ്ശികയുളള ബാറുകൾ മദ്യം വിതരണം ചെയ്യണ്ടെന്ന് ജിഎസ്ടി വകുപ്പ്

ടാക്സ് കുടിശ്ശികയുളള ബാറുകൾ മദ്യം വിതരണം ചെയ്യണ്ടെന്ന് ജിഎസ്ടി വകുപ്പ്

ടേൺ ഓവര്‍ ടാക്സ് കുടിശിക വരുത്തിയ ബാറുകൾ മദ്യം വിതരണം ചെയ്യേണ്ടെന്ന നികുതി വകുപ്പ് നിര്‍ദ്ദേശം അട്ടിമറിക്കാൻ സര്‍ക്കാർ. നികുതി അടവിൽ വീഴ്ച വരുത്തിയ ബാറുകൾക്ക് മദ്യം വിതരണം ചെയ്യേണ്ടതില്ലെന്നാണ് ജിഎസ്ടി വകുപ്പ് നിലപാട്.

എന്നാൽ ഇത് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് മാത്രമല്ല വൻ സാമ്പത്തിക നഷ്ടത്തിനും വഴി വയ്ക്കുമെന്നാണ് ബെവ്കോ പറയുന്നത്. നികുതി വകുപ്പ് നിര്‍ദ്ദേശത്തിനെതിരെ ബാറുടമകൾ ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്.

മദ്യത്തിന്‍റെ നികുതി പിരിവിലടക്കം കെടുകാര്യസ്ഥത ആക്ഷേപം ശക്തമായിരിക്കെയാണ് ടേൺ ഓവര്‍ ടാക്സിൽ വീഴ്ച വരുത്തിയ ബാറുകൾക്ക് മദ്യം നൽകേണ്ടെന്ന് നികുതി വകുപ്പ് നിലപാടെടുത്തത്. വീഴ്ച കണ്ടെത്തിയ ബാറുകളിലേക്ക് മദ്യം കൊടുക്കുന്നത് ബെവ്കോ നിര്‍ത്തി. ലൈസൻസ് നിലനിൽക്കെ മദ്യം വിതരണം ചെയ്യാതിരിക്കാൻ നിയമപരമായി കഴിയില്ലെന്നും പിരിച്ചെടുക്കാനുള്ള തുകയേക്കാൽ എത്രയോ ഇരട്ടി വരുമാന നഷ്ടം മദ്യം നൽകാത്തത് വഴി സര്‍ക്കാരിനുണ്ടാകുമെന്നും ബെവ്കോ നിലപാടെടുക്കുന്നു. മാത്രമല്ല മദ്യ വിതരണം നിര്‍ത്തിയാൽ വൻതോതിൽ നിലവാരം കുറഞ്ഞ മദ്യവും വ്യാജമദ്യവും വിൽക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകുന്നു. നികുതി കുടിശക അടക്കാത്തവരുടെ ലൈസൻസ് റദ്ദാക്കാൻ അടക്കം നിയമമുണ്ടെങ്കിലും അതൊന്നും കണക്കിലെടുത്തില്ല. വ്യവസ്ഥാപിത മാർഗത്തിൽ നികുതി കുടിശിക വാങ്ങിയെടുക്കാനും നടപടി ഉണ്ടായില്ല. നികുതി വകുപ്പ് തീരുമാനം വന്ന് നാലാം ദിവസം സര്‍ക്കാര്‍ തന്നെ അത് തിരുത്തി.

2014 മുതലുള്ള കണക്ക് അനുസരിച്ച് 200 കോടിയെങ്കിലും കുടിശിക കിട്ടാനുണ്ടെന്നാണ് കണക്ക്, കൃത്യമായ റിട്ടേൺസ് സമര്‍പ്പിക്കാത്ത 328 ബാറുകളുണ്ട്. മദ്യവിതരണം നിര്‍ത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ ബാറുടമകൾ നൽകിയ കേസ് അടുത്ത മാസം ആദ്യം ഹൈക്കോടതി പരിഗണിക്കാനിരിക്കു കയാണ്.