കണ്ണൂരില്‍ ഗാനമേളക്കിടെ വേദിയിൽ കയറി നൃത്തം, തടയാൻ ശ്രമിച്ച മേയറെ കൈയേറ്റം ചെയ്തു; യുവാവ് അറസ്റ്റിൽ
കണ്ണൂരിൽ ഗാനമേളക്കിടെ മേയറെ കയ്യേറ്റം ചെയ്യാൻ ശ്രമം, സ്റ്റേജിൽ കയറി നൃത്തം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയറെ പിടിച്ച് തള്ളിയത്. മേയര്‍ അഡ്വ. ടി.ഒ. മോഹനനാണ് മർദനമേറ്റത്.
സംഭവത്തില്‍ അലവിൽ സ്വദേശി ജബ്ബാറിനെ അറസ്റ്റ് ചെയ്തു. കോർപ്പറേഷൻ സംഘടിപ്പിച്ച ദസറ പരിപാടിയോടനുബന്ധിച്ച് നടത്തിയ ഗാനമേളയിൽ വേദിയിൽ കയറി നൃത്തം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയർക്കെതിരെ കൈയേറ്റ ശ്രമമുണ്ടായത്.
പ്രകോപിതനായ യുവാവ് മേയറെ പിന്നിലേക്ക് ശക്തിയോടെ തള്ളി. കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിലാണ് ഗാനമേള. ഗാനമേള നടക്കുന്നതിനിടെ ഇയാൾ വേദിയിൽ കയറി നൃത്തം ചെയ്തു.
ഇയാൾ തങ്ങളുടെ ഗ്രൂപ്പിന്റെ ഭാഗമല്ലെന്ന് ഗാനമേള സംഘം അറിയിച്ചതോടെയാണ് മേയർ ഇടപെട്ടത്. ഇയാളെ വേദിയിൽ നിന്ന് മാറ്റാൻ വളണ്ടറിയമാർക്കൊപ്പം മേയറും വേദിയിലെത്തുകയായിരുന്നു.
മൂന്ന് വളണ്ടിയർമാർക്കും പരിക്കേറ്റു. പിന്നീട് കണ്ണൂർ ടൗൺ പൊലീസ് എത്തിയാണ് ഇയാളെ മാറ്റിയത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ജാമ്യത്തിൽ വിട്ടു.