ലാപ്ടോപ് ഇറക്കുമതിക്ക് നിയന്ത്രണം; കമ്പനികൾ സർക്കാരിന്റെ പ്രത്യേക മുൻകൂർ അനുമതി നേടണം
രാജ്യത്ത് ലാപ്ടോപ്–കംപ്യൂട്ടർ ഇറക്കുമതിക്ക് കേന്ദ്രം പുതിയ നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇറക്കുമതിക്ക് കമ്പനികൾ സർക്കാരിന്റെ പ്രത്യേക മുൻകൂർ അനുമതി (ഓതറൈസേഷൻ) നേടണമെന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫോടെക് മന്ത്രാലയം പറയുന്നത്.
ഇറക്കുമതി ചെയ്യുന്ന ലാപ്ടോപ്പുകളുടെയും കംപ്യൂട്ടറുകളുടെയും എണ്ണവും ആകെ മൂല്യവും രജിസ്റ്റർ ചെയ്യേണ്ടിവരും. പുതിയ സംവിധാനം നവംബർ ഒന്നുമുതൽ പ്രാബല്യത്തിലാകും. ഇറക്കുമതി നിയന്ത്രണം ലാപ്ടോപ്പുകളുടെയും ടാബ്‌ലറ്റുകളുടെയും വില ഉയർത്തിയേക്കുമെന്ന ആശങ്കയുണ്ട്.
പ്രത്യേക ലൈസൻസ് ഉണ്ടെങ്കിലേ ഇനി ലാപ്ടോപ്, ടാബ്‌ലറ്റ്, കംപ്യൂട്ടർ, സെർവർ തുടങ്ങിയവ ഇറക്കുമതി ചെയ്യാനാകൂ എന്ന ആഗസ്ത് മൂന്നിന് കൊണ്ടുവന്ന നിയന്ത്രണത്തിനെതിരെ ആഗോളതലത്തിൽ എതിർപ്പ് ഉയർന്നതോടെയാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്.
തൽക്കാലം ഇറക്കുമതി ആവശ്യം നിരസിക്കില്ലെങ്കിലും നൽകുന്ന വിവരങ്ങൾ നിരീക്ഷണത്തിനായി ഉപയോഗിക്കുമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭാവിയിൽ ഇറക്കുമതി നിയന്ത്രണം നടപ്പാക്കുന്നതിനുള്ള വിവരശേഖരണമാണ് ലക്ഷ്യമിടുന്നതെന്ന് ഇറക്കുമതിക്കാരും വ്യാപാരികളും ആശങ്കപ്പെടുന്നു.