പെരുമഴ: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അടിയന്തര യോഗം വിളിച്ചു
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതി രൂക്ഷമാണ്. തിരുവനന്തപുരത്ത് മലയോര- നഗരമേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. കഴക്കൂട്ടത്ത് നാല്‍പതിലധികം വീടുകള്‍ വെള്ളത്തിനടിയിലായി. വെഞ്ഞാറമ്മൂട് നിര്‍മ്മാണത്തിലിരുന്നതടക്കം രണ്ട് വീടുകള്‍ തകര്‍ന്നു. വാമനപുരം തെറ്റിയാര്‍ നദികള്‍ കരകവിഞ്ഞൊഴുകി. കൊച്ചുവേളിയില്‍ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലയില്‍ അഞ്ചിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
സമീപകാലത്തെ അപേക്ഷിച്ച് കൂടുതല്‍ മഴയാണ് കഴിഞ്ഞ ദിവസം പെയ്തതെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. ഇതാണ് വെള്ളക്കെട്ടുണ്ടാകാന്‍ കാരണമെന്നും 17 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം നഗരത്തെയും മലയോര മേഖലകളെയും മഴ ഒരു പോലെ ബാധിച്ചു. ടെക്‌നോപാര്‍ക്കിലെ താഴത്തെ നിലയില്‍ വെള്ളം നിറഞ്ഞു. ആറ്റിങ്ങല്‍, മംഗലപുരം, കഠിനംകുളം, അണ്ടൂര്‍ക്കോണം എന്നിവിടങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നെല്ലാം ആളുകളെ മാറ്റിയിട്ടുണ്ട്.