കൊച്ചി മെട്രോയുടെ മാതൃകയിലുള്ള മീഡിയം മെട്രോ പദ്ധതി തിരുവനന്തപുരത്തും
തിരുവനന്തപുരത്തും കൊച്ചി മെട്രോയുടെ മാതൃകയിലുള്ള മീഡിയം മെട്രോ പദ്ധതിക്ക് സാധ്യത തെളിയുന്നു. വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ കെ.എം.ആർ.എൽ. ചുമതലപ്പെടുത്തി. കൊച്ചിൻ മെട്രോ റെയിൽ കോർപ്പറേഷനാണ് (കെ.എം.ആർ.എൽ.) തിരുവനന്തപുരം മെട്രോ പദ്ധതിയുടെ നടത്തിപ്പ്.
ഇതോടെ ഒരു പതിറ്റാണ്ടിലധികമായി ചർച്ചചെയ്യുന്ന തലസ്ഥാനത്തെ മെട്രോ പദ്ധതി യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണ്. ജനുവരിയിൽ ഡി.പി.ആർ. സർക്കാരിന് സമർപ്പിക്കുമെന്നാണ് കെ.എം.ആർ.എൽ. വൃത്തങ്ങൾ നൽകുന്ന സൂചന.
സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഡി.പി.ആർ. അംഗീകരിക്കുന്നമുറയ്ക്കായിരിക്കും നിർമാണം തുടങ്ങുക. മെട്രോയുടെ പദ്ധതിരേഖ തയ്യാറാക്കുന്നതിനു മുൻപ് കഴിഞ്ഞ ജൂലായിൽ കെ.എം.ആർ.എൽ. തിരുവനന്തപുരത്തിന്റെ സമഗ്ര ഗതാഗതപദ്ധതി (സി.എം.പി.) അവതരിപ്പിച്ചിരുന്നു.
എന്നാൽ, ഇതിൽ ഏതുതരം മെട്രോയാണ് ഇവിടെ നടപ്പാക്കാൻ ലക്ഷ്യമിടുന്നതെന്ന് സൂചിപ്പിച്ചിരുന്നില്ല. തുടർന്ന് ഓൾട്ടർനേറ്റീവ് ട്രാൻസ്പോർട്ട് അനാലിസിസ് പഠനം നടത്തിയാണ് കൊച്ചിയിലേതിനു സമാനമായ മീഡിയം മെട്രോയാണ് തിരുവനന്തപുരത്തിനും അനുയോജ്യമാണെന്ന് കണ്ടെത്തിയത്