കൊച്ചിയിൽ വീണ്ടും ഹണി ട്രാപ്; യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ
കൊച്ചിയിൽ ഹണി ട്രാപ് നടത്തി പണം കവർച്ച നടത്തിയ രണ്ട് പേരെ എറണാകുളം ടൗൺ സൗത്ത് പോലീസ് പിടികൂടി.
കോഴിക്കോട് ചുങ്കം ഫറോക്ക് പോസ്റ്റിൽ തെക്കേപുരയ്ക്കൽ വീട്ടിൽ ശരണ്യ(20),സുഹൃത്തായ മലപ്പുറം വാഴക്കാട് ചെറുവായൂർ എടവന്നപ്പാറയിൽ എടശ്ശേരിപറമ്പിൽ വീട്ടിൽ അർജുൻ(22) എന്നിവരാണ് പിടിയിലായത്.
ഇടുക്കി അടിമാലി സ്വദേശിയായ ചെറുപ്പക്കാരനെ ശരണ്യ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടാണ് ട്രാപ്പിൽ കുടുക്കിയത്.
നിരന്തരം ചാറ്റിങ്ങിലൂടെ യുവാവിനെ എറണാകുളം പളളിമുക്കിലേക്ക് വിളിച്ച് വരുത്തിയ ശേഷം ശരണ്യയുടെ കൂടെയുണ്ടായിരുന്ന നാല് പേർ പരാതിക്കാരനെ ദേഹോപദ്രവം ഏൽപ്പിക്കുകയും പണവും എ ടി എം കാർഡും കവർച്ച ചെയ്യുകയുമായിരുന്നു.
രണ്ടാഴ്ച മുൻപാണ് പരാതിക്കാരനായ യുവാവിനെ ഇന്‍സ്റ്റഗ്രാമിലൂടെ യുവതി പരിചയപ്പെട്ടത്.
ഇരുവരും സുഹൃത്തുക്കളാകുകയും പിന്നീട് സെക്ഷ്വൽ ചാറ്റുകൾ നടത്തി വരികയായിരുന്നു.
തുടർന്ന് ഒന്നാം പ്രതിയായ യുവതിയും ഇയാളുടെ സുഹൃത്തുക്കളായ മറ്റ് പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തി പരാതിക്കാരനെ പളളിമുക്ക് ഭാഗത്തേക്ക് വിളിച്ചു വരുത്തി.
പ്രതികൾ ചേർന്ന് യുവാവിനെ ഹെൽമറ്റിന് ഉൾപ്പെടെ മർദ്ദിച്ചു.
യുവാവിന്റെ പേരിലുള്ള യൂണിയന് ബാങ്ക് എ ടി എം കാര്‍ഡും അതിന്റെ പിൻനമ്പറും ബലമായി പിടിച്ച് വാങ്ങി.
തുടര്‍ന്ന് സമീപത്തെ എ ടി എമ്മിൽ നിന്നും 4500 രൂപ പിൻവലിച്ചു.
പിന്നീട് പലതവണയായി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി.
23-ാം തീയതി 25,000 രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവ് എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.