വീണ്ടും കൊടും ചൂടിൽ കേരളം
ഒറ്റയടിക്ക് കേരളത്തിൽ കൂടിയ ചൂടിൻ്റെ കണക്ക് അമ്പരപ്പിക്കും, വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യത
കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് കൂടുന്നു. കാലവർഷം ദുർബലമായതിന് പിന്നാലെ താപനില ഏകദേശം 6 ഡിഗ്രി സെൽഷ്യസാണ് കൂടിയത്. സംസ്ഥാനത്തെ ശരാശരി പകൽ താപനില 27 – 28 ഡിഗ്രി സെൽഷ്യസിൽ നിന്ന് 32 – 33 ഡിഗ്രി സെൽഷ്യസിലേക്കാണ് ഉയർന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് സൂചന. കാലവർഷം പൂർണമായും പിൻവാങ്ങുന്നതാണ് സംസ്ഥാനത്തടക്കം ചൂട് കൂടാൻ കാരണം.
അതേസമയം, കാലവർഷം ഉത്തരേന്ത്യയിലെ കൂടുതൽ മേഖലയിൽ നിന്ന് പിൻവാങ്ങിയിട്ടുണ്ട്. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരഖണ്ഡ്, ദില്ലി, രാജസ്ഥാൻ, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങളിൽ നിന്നും വടക്കൻ അറബിക്കടലിൽ നിന്നും കാലവർഷം ഇതിനകം പൂർണമായും പിൻവാങ്ങിയിട്ടുണ്ട്.
ഉത്തർ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയുടെ ചില മേഖലകളിൽ നിന്നും കാലവർഷം പിൻവാങ്ങി. വരും ദിവസങ്ങളിൽ മധ്യ ഇന്ത്യയിലെ കൂടുതൽ മേഖലയിൽ നിന്നും കാലവർഷം പിൻവാങ്ങാനാണ് സാധ്യത. ഇതോടെ രാജ്യത്തെ വിവിധ മേഖലകളിൽ ചൂട് കൂടിയേക്കും.