പുതിയ വന്ദേ ഭാരതിൽ സ്‌മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുകൾ
സ്‌മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുകളോടെയാണ് പുതിയ വന്ദേഭാരത് ട്രെയിൻ പുറത്തിറക്കിയിരിക്കുന്നത്. വന്ദേ ഭാരതുകളിലെ ടോയിലറ്റുകളിലും ഇതുണ്ട്. അതായത് ടോയിലറ്റില്‍ കയറി ആരുമറിയാതെ പുകവലിച്ചാലും വന്ദേ ഭാരത് ട്രെയിന്‍ ഉടനടി നില്‍ക്കും. ടോയിലറ്റിനുള്ളിൽ ഈ അത്യാധുനിക സംവിധാനം ഉണ്ടെന്ന് ഭൂരിഭാഗം യാത്രക്കാർക്കും അറിയില്ല. കേരളത്തിലെ പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണയാണ് ഇങ്ങനെ നിന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ വന്ദേഭാരത് എക്സ്പ്രസുകളിൽ നിരവധി ഇടങ്ങളില്‍ സ്മോക്ക് ഡിറ്റക്‌ഷൻ സെൻസറുകള്‍ ഉണ്ട്. കോച്ച്, യാത്രക്കാർ കയറുന്ന സ്ഥലം, ടോയിലറ്റിനകം തുടങ്ങിയ ഇടങ്ങളിലാണ് ഈ സെൻസറുകള്‍. അന്തരീക്ഷത്തിലെ പുകയുടെ അളവ് ഈ സെൻസറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഏത് കോച്ചിൽ, എവിടെനിന്നാണ് പുക വരുന്നതെന്നും ലോക്കോ പൈലറ്റിന് മുന്നിലെ സ്‌ക്രീനിൽ തെളിയും. അലാറം മുഴങ്ങിയാൽ ട്രെയിൻ ഉടൻ നിർത്തണമെന്നാണ് നിയമം. റെയിൽവേയുടെ സാങ്കേതികവിഭാഗം ജീവനക്കാർ ഇത് കണ്ടെത്തി തീ ഇല്ലെന്ന് ഉറപ്പുവരുത്തണം.
കേരളം, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ നഗരങ്ങളിലൂടെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ഒമ്പത് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ആണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.