സിയാലില്‍ 7 മെഗാപദ്ധതികള്‍ക്ക് തുടക്കമായി.

സിയാലില്‍ 7 മെഗാപദ്ധതികള്‍ക്ക് തുടക്കമായി.

കേരളം മുന്നോട്ടു വയ്ക്കുന്നത് ഉദാരവത്കരണ : ചിന്തകള്‍ക്കുള്ള ബദല്‍; മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴ് മെഗാ പദ്ധതികള്‍ക്ക് തുടക്കമായി. ഭാവിയിലെ ട്രാഫിക്, കാര്‍ഗോ വളര്‍ച്ച, സുരക്ഷാ നവീകരണം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങള്‍ നടത്തുന്നതോ കമ്പോളത്തില്‍ ഇടപെടുന്നതോ ഒന്നും സര്‍ക്കാരിന്റെ കടമയല്ല എന്ന ഉദാരവത്കരണ ചിന്തയ്ക്ക് ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ പൊതുമേഖലയിലുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളെപ്പോലും സ്വകാര്യവത്ക്കരിക്കുന്ന ഒരു കാലമാണിത്. വന്‍തോതിലുള്ള മൂലധനനിക്ഷേപവും ഭാവിയെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള വികസന കാഴ്ചപ്പാടും നടത്തിപ്പിലെ പ്രൊഫഷണല്‍ മികവും ആവശ്യമായതിനാല്‍ സ്വകാര്യമേഖലയില്‍ മാത്രമേ ഇത്തരം സ്ഥാപനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്ന ചിന്തയാണ് ഇതിന് പിന്നില്‍.

സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങള്‍ നടത്തുന്നതോ കമ്പോളത്തില്‍ ഇടപെടുന്നതോ ഒന്നും സര്‍ക്കാരിന്റെ കടമയല്ല എന്ന ഉദാരവത്ക്കരണ ചിന്തയും ഇതിന് പിന്നിലുണ്ട്. എന്നാല്‍ ഇത്തരം ചിന്താഗതിക്കുള്ള ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കാണാന്‍ കഴിയുക. ഇവിടെ അവയെ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു.

കേന്ദ്രം വില്‍പ്പനയ്ക്ക് വയ്ക്കുന്ന സ്ഥാപനങ്ങളെവരെ കേരളം ഏറ്റെടുത്തു പ്രവര്‍ത്തിപ്പിക്കുന്നു. ആ ബദലിന്റെ മികച്ച ദൃഷ്ടാന്തമാണ് കേരളസര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സിയാലില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന നാലാമത്തെ വന്‍ പദ്ധതിയാണിത്. അരിപ്പാറ ജല വൈദ്യുത നിലയം, പയ്യന്നുര്‍ സൗരോര്‍ജ നിലയം, ബിസിനസ് ജറ്റ് ടെര്‍മിനല്‍ എന്നിങ്ങനെ നേരത്തെ ഉദ്ഘാടനം ചെയ്യപ്പെട്ട മൂന്ന് പദ്ധതികളും മികച്ചരീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്.

അനുദിനം മാറിക്കൊണ്ടിരിക്കുകയും നിരന്തരം പുതിയ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഈ ലോകത്ത്, കാര്യക്ഷമമായും ലാഭകരമായും വിമാനത്താവളങ്ങള്‍ നടത്താന്‍ സ്വകാര്യമേഖലയ്ക്ക് മാത്രമേ കഴിയൂ എന്ന വാദത്തെ അപ്രസക്തമാക്കുന്ന ബദലാണ് സിയാല്‍ – മുഖ്യമന്ത്രി പറഞ്ഞു.

ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര സോഫറ്റ്വെയര്‍, അഗ്നി ശമന സേനാ നവീകരണം എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെര്‍മിനല്‍ വികസനം ഒന്നാംഘട്ടം, ഗോള്‍ഫ് ടൂറിസം, എയ്റോ ലോഞ്ച്, ചുറ്റുമതില്‍ സുരക്ഷാവലയം എന്നീ പദ്ധതികളുടെ തറക്കല്ലിടലുമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

ഈ പദ്ധതികളെല്ലാം തന്നെ ‘നാളെയിലേയ്ക്ക് പറക്കുന്നു ‘ എന്ന കൊച്ചി എയര്‍പോര്‍ട്ടിന്റെ ആപ്തവാക്യത്തെ സാധൂകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.