മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകട നിലയില്‍; ലിബിയന്‍ ഡാം ദുരന്തത്തിന് പിന്നാലെ മുന്നറിയിപ്പുമായി ന്യൂയോര്‍ക്ക് ടൈംസ്

മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകട നിലയില്‍; ലിബിയന്‍ ഡാം ദുരന്തത്തിന് പിന്നാലെ മുന്നറിയിപ്പുമായി ന്യൂയോര്‍ക്ക് ടൈംസ്

ലിബിയയിലെ ഡാം തകര്‍ന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടും അപകട നിലയിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്ന ഡാമുകളില്‍ പ്രധാനപ്പെട്ട ഒന്ന് മുല്ലപ്പെരിയാര്‍ ആണെന്ന് നദികളുടെ നിലനില്‍പ്പും നദീതട സമൂഹത്തിന്റെ അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഇന്റര്‍നാഷണല്‍ റിവേഴ്‌സ് ആണ് പഠനം നടത്തിയത്. ഈ പഠനം ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആശങ്കയുളവാക്കുന്ന വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന്മേല്‍ പേരെടുത്ത് പറഞ്ഞ് അപകട സാധ്യത സൂചിപ്പിച്ച ഏക അണക്കെട്ട് മുല്ലപ്പെരിയാര്‍ ആണ്.

ഏകദേശം 11300 ആളുകള്‍ മരണപ്പെടുകയും പതിനായിരത്തിലേറെ പേരെ കാണാതാവുകയും ചെയ്ത ദുരന്തമാണ് ലിബിയയിലേത്. രാജ്യത്തെ വാദി, ഡെര്‍ന അണക്കെട്ടുകള്‍ 1970ല്‍ നിര്‍മിച്ചവയാണ്. ലോകത്തിലെ പല അണക്കെട്ടുകളെയും പോലെ ലിബിയയിലേതും ആയുസ് അവസാനിച്ച ഘട്ടത്തിലാണ് തകര്‍ന്നടിഞ്ഞ് കൊടിയ ദുരന്തമായി മാറിയത്.

ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ലോകത്തില്‍ ഇന്നു നിലവിലുള്ള ഉയരംകൂടിയ ഭൂഗുരുത്വഅണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിര്‍മ്മാണകാലഘട്ടത്തില്‍, ഇതു ലോകത്തിലെ ഏറ്റവുംവലിയ അണക്കെട്ടായിരുന്നു. സുര്‍ക്കി മിശ്രിതമുപയോഗിച്ചുനിര്‍മ്മിച്ച അണക്കെട്ടുകളില്‍ ഇന്നു ലോകത്തു നിലവിലുള്ള ഏകയണക്കെട്ടെന്ന പ്രത്യേകതയും ഇതിനുണ്ട്. സുര്‍ക്കിയെക്കാള്‍ ആറിരട്ടി ശക്തിയാണ് ഇന്നത്തെ ഡാമുകള്‍ക്ക് ഉപയോഗിക്കുന്ന സിമന്റുകള്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്. മുല്ലപ്പെരിയാര്‍ ഡാം ശില്‍പിയായ പെനിക്വിക് പോലും ഡാമിന് നല്‍കിയ ശരാശരി ആയുസ് 50 വര്‍ഷം മാത്രമായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നിര്‍മിക്കപ്പെട്ട 28000 വലിയ അണക്കെട്ടുകള്‍ കാലഹരണപ്പെട്ടുതുടങ്ങിയിരിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവ ഡാം ദുരന്തമായി മാറിയാല്‍ ഏറ്റവും അധികം ബാധിക്കുന്നത് ഇന്ത്യയെയും ചൈനയെയും ആയിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കാലപ്പഴക്കം ചെന്ന അണക്കെട്ടുകളില്‍ നിന്നുള്ള അപകട സാധ്യതകള്‍ പറയുന്നതിനെക്കാള്‍ അതീവ ഗൗരവമുള്ളതാണ്. സാധാരണ ഇത്തരം മുന്നറിയിപ്പുകളോ ആശങ്കകളോ ഉയരുമ്പോള്‍, ഡാം അറ്റക്കുറ്റപ്പണി നടത്തുക, റിസര്‍വോയര്‍ ലെവല്‍ നിരീക്ഷിക്കുക, നീരൊഴുക്ക് നിരീക്ഷിക്കുക, തുടങ്ങിയവയാണ് സ്ഥിരമായി കൈക്കൊള്ളുന്ന നടപടികള്‍.

ഡാമിനെ അപകടാവസ്ഥയില്‍ നിന്ന് രക്ഷപെടുത്താനുള്ള പ്രവൃത്തികള്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സര്‍ക്കാരുകള്‍ കൈകൊള്ളണം. ലിബിയയിലെ ദാരുണമായ അണക്കെട്ട് ദുരന്തം ലോകമെമ്പാടുമുള്ള മറ്റ് അണക്കെട്ടുകള്‍ക്കുള്ള മുന്നറിയിപ്പ് സൈറണ്‍ കൂടിയാണ്.