നവോദയയിൽ 9,11 ക്ലാസുകളിലെ ലാറ്ററൽ എൻട്രിക്ക് ഇപ്പോൾ അപേക്ഷിക്കാം
നവോദയ വിദ്യാലയങ്ങളിൽ 2024-25 വർഷത്തിൽ 9,11 ക്ലാസുകളിൽ ഒഴിവ് വരുന്ന സീറ്റുകളിൽ ലാറ്ററൽ എൻട്രിക്ക് ഒക്ടോബർ 31ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. സെലക്‌ഷൻ ടെസ്റ്റുണ്ട്. പ്രവേശനം ലഭിക്കുന്നവർക്ക് താമസവും ഭക്ഷണവും അടക്കം സൗജന്യമാണെങ്കിലും ചില വിഭാഗക്കാർ ചെറിയ തുക നൽകേണ്ടിവരും. ഓരോ സംവരണവിഭാഗത്തിലും വരുന്ന ഒഴിവുകളിലേക്ക് അതതു വിഭാഗക്കാരെയാണ് പ്രവേശിപ്പിക്കുക.
9–ാം ക്ലാസ്
വിദ്യാലയം നിലകൊള്ളുന്ന ജില്ലയിലെ സർക്കാർ/ സർക്കാർ അംഗീകൃത സ്കൂളിൽ 2023–24 അധ്യയനവർഷം 8–ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് അർഹത. മുൻവർഷങ്ങളിൽ 8 ജയിച്ചവരെ പരിഗണിക്കില്ല. ജനനത്തീയതി 2009 മേയ് 1 മുതൽ 2011 ജൂലൈ 31 വരെ. ആർക്കും പ്രായത്തിൽ ഇളവില്ല. കേരളത്തിൽ ഉദ്ദേശം 110 ഒഴിവുകൾ പ്രതീക്ഷിക്കുന്നു.
2024 ഫെബ്രുവരി 10ന് (ശനി) നടത്തുന്ന രണ്ടര മണിക്കൂർ ഒബ്ജക്ടീവ് ടെസ്റ്റിൽ (ഒഎംആർ രീതി) 8–ാം ക്ലാസ് നിലവാരത്തിൽ ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്സ്, ജനറൽ സയൻസ് വിഷയങ്ങളിൽനിന്നായി 100 ചോദ്യങ്ങളുണ്ടായിരിക്കും. ചോദ്യങ്ങൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രം. തെറ്റിനു മാർക്ക് കുറയ്ക്കില്ല. പ്രവേശനം നൽകുന്ന സ്കൂളായിരിക്കും സാധാരണഗതിയിൽ പരീക്ഷാകേന്ദ്രം. മാത്‌സ്, സയൻസ്, കൂടുതൽ മാർക്ക് കിട്ടിയ ഭാഷ എന്നിവയിലെ മൊത്തം മാർക്ക് നോക്കി റാങ്ക് ചെയ്യും.
11–ാം ക്ലാസ്
വിദ്യാലയം നിലകൊള്ളുന്ന ജില്ലയിലെ സർക്കാർ/സർക്കാർ അംഗീകൃത സ്കൂളിൽ 2023–24 അധ്യയനവർഷം 10–ാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടികൾക്കാണ് അർഹത. മുൻവർഷങ്ങളിൽ 10 ജയിച്ചവരെ പരിഗണിക്കില്ല. 10–ാം ക്ലാസ് പഠനകാലത്ത് താമസവും സ്കൂളും ഒരേ ജില്ലയിലായിരിക്കണം. ജനനത്തീയതി 2007 ജൂൺ 1 മുതൽ 2009 ജൂലൈ 31വരെ. ആർക്കും പ്രായത്തിൽ ഇളവില്ല.
കേരളത്തിലെ 14 സ്കൂളുകളിലും സയൻസ് ഗ്രൂപ്പിൽ ഒഴിവുണ്ട്. കൊമേഴ്സിന് 12 സ്കൂളുകളിലും ഹ്യുമാനിറ്റീസിന് ഒരു സ്കൂളിലും മാത്രമാണ് ഒഴിവുകൾ. 11 ലെ ഒരു ഗ്രൂപ്പിലേക്കോ രണ്ടു ഗ്രൂപ്പുകളിലേക്കോ അപേക്ഷിക്കാം. സെലക്‌ഷൻ ടെസ്റ്റ് 2024 ഫെബ്രുവരി 10ന് (ശനി) 11 മണിക്കു നടത്തും. ഹാൾ ടിക്കറ്റിൽനിന്ന് പരീക്ഷാകേന്ദ്രം അറിയാം. ചോദ്യങ്ങൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രം. രണ്ടര മണിക്കൂർ ടെസ്റ്റിൽ മാനസികശേഷി, ഇംഗ്ലീഷ്, സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നീ 5 വിഷയങ്ങളിൽ 20 വീതം ആകെ 100 ചോദ്യങ്ങൾ, 100 മാർക്ക്. ഓരോ ചോദ്യത്തിനും നേർക്കു 4 ഓപ്ഷനുകൾ. തെറ്റിനു മാർക്കു കുറയ്ക്കില്ല. ഓരോ വിഷയത്തിനും 20 ൽ 6 മാർക്കെങ്കിലു നേടണം. ഓരോ ഗ്രൂപ്പിലെയും സെലക്ഷന് ഏതേതു വിഷയങ്ങളിലെ മാർക്കാണ് പരിഗണിക്കുകയെന്ന് പ്രോസ്പെക്ടസിലുണ്ട്. ഇവയിലെ മൊത്തം മാർക്കിലും നിർദിഷ്ട മിനിമം സ്കോർ ചെയ്യണം.
പ്രോസ്‌പെക്‌ടസ് www.navodaya.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. പരീക്ഷയുടെ സിലബസും അപേക്ഷാരീതിയും അടക്കം കൂടുതൽ വിവരങ്ങൾ ഇതിലുണ്ട്. അപേക്ഷാ സമർപ്പണത്തിന് എല്ലാ നവോദയ വിദ്യാലയങ്ങളിലും സൗജന്യസഹായം ലഭിക്കും.