കുട്ടനാട്ടിലെ സി പി എം വിമർശനങ്ങൾക്ക് മറുപടിയുമായി സി പി ഐ

കുട്ടനാട്ടിലെ സി പി എം വിമർശനങ്ങൾക്ക് മറുപടിയുമായി സി പി ഐ

 

ജില്ലയിലെ സി പി എം നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് സി പി ഐ ജില്ലാ സെക്രട്ടറി

ബി ജെ പി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ കുട്ടനാട്ടിലെ ജാഥകളെ സി പി ഐ വിരുദ്ധ ജാഥകളാക്കി മാറ്റിയ ചില സി പി എം നേതാക്കളുടെ ലക്ഷ്യം ദുരൂഹമാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്.സി പി എം തീരുമാനിച്ചാൽ സി പി ഐ ഇല്ലാതാകുമെന്ന് പ്രസംഗിച്ചയാൾ പൊട്ടക്കുളത്തിലെ തവളയാണ്.

പാർട്ടി ഭിന്നിപ്പിനെ പ്രകീർത്തിക്കുന്നവർ “സ്പ്ലിറ്റ് സിന്‍ഡ്രോം”എന്ന രോഗം ബാധിച്ചവരാണ്. രോഗം ഒരു കുറ്റമല്ല,എന്നാല്‍ അത് ചികിത്സിക്കപ്പെടണം.

വലതുപക്ഷ രാഷ്ട്രീയത്തിനൊപ്പം സി പി ഐ കൂട്ടുകൂടിയെന്ന വികല ഗവേഷണം നടത്തുന്നവർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിലും തൃപുരയിലും സി പി എം കോൺഗ്രസിന് ഒപ്പമായിരുന്നുവെന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്.

കേരളത്തിൽ സി പി ഐയോടൊപ്പം നിന്ന ഘട്ടങ്ങളിൽ മാത്രമാണ് സി പി എമ്മിന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചിട്ടുള്ളത്.സി പി എമ്മിന്റെ ദേശീയ, സംസ്ഥാന കമ്മറ്റികളുടെ നയത്തിന് വ്യത്യസ്തമായാണ് ജില്ലയിലെ ചില നേതാക്കളുടെ പ്രസംഗങ്ങൾ.

കുട്ടനാട്ടിൽ സി പി എം വിട്ടവർ തുടർന്നും ചെങ്കൊടിയേന്തി മുന്നോട്ടു പോകുവാനുള്ള നിശ്ചയ ദാർഢ്യത്തെ സ്വാഗതം ചെയ്യുവാനാണ് സി പി ഐ തീരുമാനിച്ചത്. അവർ ചെങ്കൊടി ഉപേക്ഷിച്ച് മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ ചേർന്നിരുന്നുവെങ്കിൽ ഇത്തരം ജാഥകളും പ്രസംഗങ്ങളും ഉണ്ടാകുമായിരുന്നില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യമാണ് സി പി ഐയുടെ ലക്ഷ്യമെന്നും അതാണ് ജനങ്ങളും ആഗ്രഹിക്കുന്നതെന്നും അഞ്ചലോസ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞദിവസം സി പി എം കുട്ടനാട്ടിൽ നടത്തിയ ജാഥകളിൽ പാർട്ടി വിട്ടവരെയും സി പി ഐയെയും രൂക്ഷമായി വിമർശിച്ചിരുന്നു.