കന്നിമാസപൂജ; ശബരിമല ക്ഷേത്രനട തുറന്നു. സെപ്റ്റംബർ 22 വരെ ക്ഷേത്രനട തുറന്നിരിക്കും.
കന്നിമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട ഇന്ന് വൈകുന്നേരം 5 മണിക്ക് ആണ് തുറന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം മേല്‍ശാന്തി ഗണപതി, നാഗര്‍ എന്നീ ഉപ ദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകരുകയായിരുന്നു.
തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മാളികപ്പുറം മേല്‍ശാന്തി വി. ഹരിഹരന് നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കുകയായിരുന്നു,ശേഷം ഭക്തര്‍ക്ക് മേല്‍ശാന്തി മഞ്ഞള്‍ പ്രസാദം നൽകി.
തിരുനട തുറന്ന ദിവസം ശബരിമല അയ്യപ്പസന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയുള്ള 5 ദിവസങ്ങളിൽ ഉദയാസ്തമയപൂജ,25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,
പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.
ദിവസവും ഉച്ചയ്ക്ക് 1 മണിക്ക് അടയ്ക്കുന്ന തിരുനട വൈകുന്നേരം 5 മണിക്ക് ആണ് വീണ്ടും തുറക്കുക. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്.
നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്തര്‍ക്കായി സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
5 ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര തിരുനട സെപ്റംബര്‍ 22 ന് രാത്രി 10മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഒക്ടോബര്‍ 17 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ഒക്ടോബര്‍ 18 ന് ആണ് തുലാം ഒന്ന്.