സെക്രട്ടറിയേറ്റിലെ പഴയ ഫയലുകൾ മുഴുവൻ മാറ്റാൻ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം
സെക്രട്ടറിയേറ്റിലെ പഴയ ഫയലുകൾ മുഴുവൻ മാറ്റാൻ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. ഡിജിറ്റലൈസ് ചെയ്ത ഫയലുകൾ മുഴുവൻ ഓഫിസിന് പുറത്താക്കാനാണ് നിർദ്ദേശം. പേപ്പർ രഹിത സെക്രട്ടറിയേറ്റിനു വേണ്ടിയുളള നടപടിയുടെ ഭാഗമായാണ് ഫയൽ മാറ്റുന്നത്. തീരുമാനം മൂലം ബാക്കി വരുന്ന ടൺ കണക്കിന് പേപ്പർ മാലിന്യം സെക്രട്ടറിയേറ്റിൽ നിന്നും ലേലത്തിൽ വിൽക്കാനും തീരുമാനമായി. നേരത്തെ സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പിലെ എഐഎസ് വിഭാഗത്തിലെ ജീവനക്കാർക്ക് പാട്ട് കേട്ട് ജോലി ചെയ്യാൻ മ്യൂസിക് സിസ്റ്റം വാങ്ങാൻ 13,440 രൂപ അനുവദിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലാണ് പുതിയ പരീക്ഷണം എന്നതും ഏറെ ശ്രദ്ധേയമാണ്. അങ്ങനെ പൊതു ഭരണ വകുപ്പിൽ ആൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന എഐഎസ് വകുപ്പിൽ ഇനി ഒരു മ്യൂസിക് സിസ്റ്റം കൂടി സ്ഥാനം പിടിക്കും. ജൂലൈ പതിനാലിനാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് സമീപത്താണ് എഐഎസ് സെക്ഷൻ സ്ഥിതി ചെയ്യുന്നത്.