കെഎസ്ആർടിസിയുടെ എസി ജനത നാളെമുതൽ
കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസിയിൽ യാത്ര ചെയ്യാൻ കഴിയുന്ന കെഎസ്ആർടിസിയുടെ ജനത ബസ് സർവീസ് തിങ്കൾ മുതൽ. മിനിമം ചാർജ് 20 രൂപ. സൂപ്പർ ഫാസ്റ്റിന്റെ ചാർജിൽ രണ്ടുരൂപ കുറച്ചാണ് മിനിമം നിശ്ചയിച്ചത്. ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളെല്ലാം ജനത സർവീസിനുമുണ്ടാകും. എസി ലോ ഫ്ലോർ ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
കൊല്ലം –തിരുവനന്തപുരം റൂട്ടിലും കൊട്ടാരക്കര– തിരുവനന്തപുരം റൂട്ടിലുമാണ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുന്നത്. രാവിലെ 7.15 ഓടെ കൊല്ലത്തുനിന്നും കൊട്ടാരക്കരയിൽനിന്നുമെടുക്കുന്ന ബസ് ഒമ്പതരയോടുകൂടി സെക്രട്ടറിയറ്റ് പരിസരത്തെത്തും. ദിവസം നാല് ട്രിപ്പ് ഉണ്ടാകും. വൈകിട്ടത്തെ ട്രിപ് 4.45ന് തമ്പാനൂരിൽനിന്ന് വിമെൻസ് കോളേജ്, ബേക്കറി ജങ്ഷൻ വഴി കന്റോൺമെന്റ് റോഡ് സെക്രട്ടറിയറ്റിലെത്തും. വൈകിട്ട് അഞ്ചിന് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് പുറപ്പെടും. പരീക്ഷണം വിജയിച്ചാൽ കിഫ്ബി വായ്പ വഴി എസി 400 ബസ് വാങ്ങും.