അതിക്രമങ്ങൾക്ക് 7 വർഷംവരെ തടവും 5 ലക്ഷംവരെ പിഴയും; ആശുപത്രി സംരക്ഷണ ഭേദഗതി നിയമം പാസാക്കി
കൂടുതൽ വിഭാഗങ്ങളെ ‘ആരോഗ്യപ്രവർത്തകർ’ എന്ന പരിഗണനയിൽ ഉൾപ്പെടുത്തി ആശുപത്രി സംരക്ഷണ ഭേദഗതി നിയമം നിയമസഭ പാസാക്കി. വാക്കാലുള്ള അധിക്ഷേപത്തിന് മൂന്നു മാസം തടവും 10,000 രൂപ പിഴയും ശിക്ഷയുമെന്ന വ്യവസ്ഥ ഒഴിവാക്കി. ദുരുപയോഗ സാധ്യത കണക്കിലെടുത്താണ് നടപടി. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ശിക്ഷ വർധിപ്പിച്ചു. അതിക്രമങ്ങൾക്ക് പരമാവധി ഏഴു വർഷംവരെ തടവും അഞ്ചുലക്ഷം രൂപ വരെ പിഴയും ലഭിക്കുംവിധം വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാണ് ‘2012ലെ കേരള ആരോഗ്യരക്ഷ സേവന പ്രവർത്തകരും ആരോഗ്യരക്ഷ സേവന സ്ഥാപനങ്ങളും’ ഭേദഗതി നിയമസഭ പാസാക്കിയത്.
അക്രമപ്രവർത്തനം നടത്തുകയോ അക്രമത്തിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ ആറു മാസത്തിൽ കുറയാതെയും പരമാവധി അഞ്ചു വർഷംവരെയും തടവ് കിട്ടാം. കുറഞ്ഞത് 50,000 രൂപയും പരമാവധി രണ്ടു ലക്ഷം രൂപവരെയും പിഴയും വിധിക്കാം. ഇന്ത്യ ശിക്ഷ നിയമത്തിലെ 320-ാം വകുപ്പിൽ പറയുംവിധം ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള കഠിനമായ ദേഹോപദ്രവത്തിനാണ് ഒരു വർഷത്തിൽ കുറയാതെയും പരമാവധി ഏഴു വർഷംവരെയും തടവ് ലഭിക്കുക. ഒപ്പം ഒരു ലക്ഷം രൂപയിൽ കുറയാതെയും പരമാവധി അഞ്ചു ലക്ഷം രൂപ വരെയുമുള്ള പിഴയും.
ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാർ, മാനേജീരിയൽ സ്റ്റാഫുകൾ, പാരാ മെഡിക്കൽ വിദ്യാർഥികൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരെ ആരോഗ്യപ്രവർത്തകരായി പരിഗണിക്കും. ഇതുകൂടാതെ അതത് കാലത്തിൽ സംസ്ഥാന സർക്കാരിന് ആവശ്യമെന്ന് തോന്നുന്ന പക്ഷം ഗസറ്റ് വിജ്ഞാപനത്തിലൂടെ മറ്റ് വിഭാഗങ്ങളെയും ഉൾപ്പെടുത്താം.
ഇത്തരം ആക്രമണങ്ങൾ ഇനി മുതൽ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരാകും അന്വേഷിക്കുക. കേസന്വേഷണം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന തീയതി മുതൽ 60 ദിവസത്തിനകം പൂർത്തിയാക്കും. വിചാരണ നടപടിക്രമങ്ങൾ ഒരു വർഷത്തിനുള്ളിലും. വേഗത്തിലുള്ള വിചാരണയ്ക്ക് ഹൈക്കോടതിയുടെ അനുമതിയോടെ ഓരോ ജില്ലയിലും ഒരു കോടതിയെ സ്പെഷ്യൽ കോടതിയായി നിയോഗിക്കും. ഓരോ ജില്ലയിലും ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ ഇത്തരം കേസുകളുടെ നടത്തിപ്പിന് സംസ്ഥാന സർക്കാരിന് നിയോഗിക്കാം.